അയര്‍ലണ്ടില്‍ എല്ലാ തൊഴിലാളികള്‍ക്കും സിക്ക് ലീവ് ആനുകൂല്ല്യം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിക്ക് ലീവ് നിയമം ഉടന്‍ പ്രാബല്ല്യത്തില്‍ വരും. നിയമത്തിന് ക്യാബിനറ്റ് അംഗീകാരം നല്കി. ഇനി പാര്‍ലമെന്ററി സമതിയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നിയമം പ്രാബല്ല്യത്തിലാകും വിവിധ ഘട്ടങ്ങളിലായി സിക്ക് ലീവ് ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കും 2026 ഓടെ 10 ദിവസമാണ് ഒരു വര്‍ഷത്തില്‍ സിക്ക് ലീവ് ലഭിക്കുക.
2023 ല്‍ മൂന്ന് ദിവസമായിരിക്കും സിക്ക് ലീവ് ലഭിക്കുക. എന്നാല്‍ 2024 ല്‍ ഇത് അഞ്ച് ദിവസമാകും 2025 ആകുന്നതോടെ സിക്ക് ലീവിന്റെ എണ്ണം ഏഴ് ആകും. 2026 മുതല്‍ പത്ത് സിക്ക് ലീവുകളാണ് ഓരോ വര്‍ഷവും ലഭിക്കുക. എല്ലാ തൊഴില്‍ദാതാക്കളും ഈ നിയമം കൃത്യമായി പാലിക്കണമെന്നും നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ട്. തൊഴിലാളികള്‍ക്ക് അവധിയെടുക്കുന്ന ദിവസം വേതനത്തിന്റെ 70 ശതമാനം ലഭിക്കും. പരമാവധി ലഭിക്കുക 110 യൂറോയായിരിക്കും.
അയര്‍ലണ്ടില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സിക്ക് ലീവ് ഒരു പരിധിവരെ അനുവദിക്കുന്നുണ്ടെങ്കിലും മിക്ക സ്വകാര്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ഇത് ലഭിക്കുന്നില്ല. നിയമം നിലവില്‍ വരുന്നതോടെ എല്ലാ ജീവനക്കാര്‍ക്കും ഇത് ഗുണം ചെയ്യുമെന്ന് മാത്രമല്ല അയര്‍ലണ്ടിലെ തൊഴില്‍ മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ അംഗീകാരം ലഭിക്കുകയും ചെയ്യും.
സിക്ക് ലീവ് ലഭിക്കുന്നതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് നിയമത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. സിക്ക് ലീവ് നിയമമാക്കാത്ത ചുരുക്കം ചില യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായിരുന്നു ഇതുവരെ അയര്‍ലണ്ട്. ഇതാണ് വ്യവസായികളുടെ എതിര്‍പ്പ് മറിടകടന്നും ഇത്തരത്തിലുള്ള തീരുമാനത്തിലേയ്ക്കെത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.