ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുന്നു.പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.. അടുത്ത വ്യാഴാഴ്ച മുതല്‍ മാസ്ക് ധരിക്കേണ്ടതില്ല എന്നതാണ് ഏറ്റവും സുപ്രധാനമായ തീരുമാനം. ക്ലബുകളിലും ബാറുകളിലും കയറാന്‍ കോവിഡ് പാസ് വേണ്ട. വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ല.
ബൂസ്റ്റര്‍ ഡോസ് ക്യാംപെയിനും വിജയം കണ്ടതായി ബോറീസ് ജോണ്സണ് പറഞ്ഞു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കിയതായും ആകെ 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തതെന്നും തല്ക്കാലം ഐസലേഷന്‍ ചട്ടങ്ങള്‍ തുടരുമെങ്കിലും മാര്‍ച്ചിനപ്പുറം നീട്ടില്ലെന്നും. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോണ്സന് പാര്‍ലമെന്റില്‍ പറഞ്ഞു.
അതേസമയം, മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്സന് പറഞ്ഞു. ഒമിക്രോണ്‍ മൂലമുള്ള കോവിഡ് നിരക്ക് ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു ജോണ്‍സന്റെ പ്രഖ്യാപനം.
അയര്‍ലണ്ടിലും കോവിഡ് നിയന്ത്രണങ്ങള്‍ ഉടന്‍ എടുത്തു മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ പടിയായുള്ള തീരുമാനങ്ങള്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെയുണ്ടാവും എന്നാണ് കരുതുന്നത്.