കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന ആരോഗ്യമേഖലയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. കോവിഡിനെ തുടര്‍ന്ന് അവധിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടിവ് പോള്‍ റീഡിന്റെ ഏറ്റവുമൊടുവിലത്തെ കണക്കുകളനുസരിച്ച് 4400 പേരാണ് അവധിയിലുള്ളത്.
ഇവര്‍ കോവിഡ് ബാധിച്ചവരോ അല്ലെങ്കില്‍ കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്. ഇതിനാല്‍ തന്നെ യാതൊരുവിധത്തിലും ഒഴിവാക്കാന്‍ സാധിക്കാത്ത അവധികളാണ് ഇവ. രാജ്യത്ത് പുതുതായി 4,181 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ തന്നെ 668 പേര്‍ ആശുപത്രികളിലാണ്. ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 125 ആയി വര്‍ദ്ധിച്ചു.
രാജ്യത്ത് ഐസിയു ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി ഈ മഹാമാരിയെ നേരിടാനുള്ള ശ്രമത്തിലാണെന്നും ഉടന്‍ തന്നെ നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു.