കോവിഡ് അനിയന്ത്രിതമായി പെരുകുന്ന സാഹചര്യത്തില്‍ വ്യാപനം തടയുന്നതിനായി ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായിപരമാവധി ജോലികള്‍ വര്‍ക്ക് ഫ്രം ഹോം ആക്കി മാറ്റാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ഈ വിഷയം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഓഫീസുകളില്‍ പോവുക അല്ലെങ്കില്‍ വീട്ടിലിരുന്നു തന്നെ ജോലി ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇന്നലെ അര്‍ദ്ധരാത്രി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് കോവിഡ് കമ്മിറ്റിയാണ് ഇക്കാര്യം ചര്‍ച്ച ചെയ്ത് മന്ത്രിസഭയുടെ തീരുമാനത്തിന് വിട്ടത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഏകദേശം അഞ്ച് മണിക്കൂറോളമാണ് കോവിഡ് കമ്മിറ്റി യോഗം ചേര്‍ന്നത്. മന്ത്രിമാരും ആരോഗ്യവിദഗ്ദരും യോഗത്തില്‍ പങ്കെടുത്തു
സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍ അനുസരിച്ച് ഇപ്പോഴത്തെ നിലയില്‍ കോവിഡ് വ്യാപനം തുടര്‍ന്നാല്‍ അടുത്തമാസത്തോടെ 500 ഓളം ആളുകള്‍ക്ക് ഐസിയു സൗകര്യങ്ങള്‍ വേണ്ടി വരുമെന്നാണ് കരുതുന്നത്. കോവിഡ് ഏറ്റവും രൂക്ഷമാകുന്ന അവസ്ഥയിലാണ് ഇത് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ സാധാരണ നിലയില്‍ 200 പേര്‍ക്കെങ്കിലും ഐസിയുവില്‍ ചികിത്സ നല്‍കേണ്ടി വരുമെന്നും കണക്കുകൂട്ടലുണ്ട്. ഇതിനാല്‍ തന്നെയാണ് ഒരു ദിവസം മുഴുവന്‍ ആളുകള്‍ തമ്മില്‍ സമ്പര്ക്കത്തിനിട നല്കുന്ന ജോലി സ്ഥലങ്ങളിലെ കൂട്ടം ചേരലുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കുന്നത്. ഇന്നു ചേരുന്ന മന്ത്രി സഭാ യോഗത്തിന് ശേഷം ഇത് ഉത്തരവായി പുറത്തിറങ്ങും.