ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു

ക്രിസ്മസ് ആഘോഷങ്ങളിലേയ്ക്ക് കടക്കാന്‍ അയര്‍ലണ്ടും യൂറോപ്പും ഒരുങ്ങവെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്കിട നല്‍കുന്നു. ശൈത്യകാലത്തേയ്ക്ക് കടക്കുകയും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുകയും ചെയ്തതോടെയാണ് വീണ്ടും കേസുകള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3424 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

478 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ തന്നെ 75 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 34 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്ത രണ്ടാഴ്ച വളരെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

ഇതിനിടെ രാജ്യത്ത് പബ്ബുകളിലും മറ്റും എത്തുന്നവരോട് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നില്ലെന്നും എല്ലാവരേയും കടത്തിവിടുകയാണെന്നും ആരോപണമുയരുന്നുണ്ട്. ഇതിനെതിരെ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയര്‍ലണ്ടില്‍ മാത്രമല്ല ജര്‍മ്മനി , ഇറ്റലി , തുടങ്ങി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് വര്‍ദ്ധിക്കുകയാണ്.

യൂറോപ്പില്‍ വീണ്ടും കോവിഡ് അതിശക്തമാവുകയാണെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് ആവര്‍ത്തിച്ചു പറയുന്നത്.

Share This News

Related posts

Leave a Comment