രാജ്യത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്കൂളുകള്‍ തുറക്കുമ്പോള്‍ രക്ഷിതാക്കളുടെ ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു.
രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ പ്രസ്താവന. കഴിഞ്ഞ ദിവസം 2966 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 16-ാം തിയതിക്ക് ശേഷമുള്ള ഏറ്റവുമുയര്‍ന്ന കണക്കുകളാണിത്.
5-12 പ്രായപരിധിയിലുള്ളവരിലും കോവിഡ് വര്‍ദ്ധിക്കുകയാണ്. കൂടുതല്‍ കുട്ടികളിലും വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നത്. സ്കൂളുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാണെന്നും സ്കൂളില്‍ വച്ച് രോഗം പടരാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയ തെളിവുകളുടേയും കഴിഞ്ഞ കാല അനുഭവങ്ങളുടേയും പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ടോണി ഹോളോഹാന്‍ പറഞ്ഞു.