അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് വര്‍ദ്ധിക്കുന്നത് ആശുപത്രികള്‍ക്ക് തിരിച്ചടിയാകുന്നു. നിലവില്‍ 3,500 ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ക്ലിനിക്കല്‍ ഹെഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്രയധികം ജീവനക്കാര്‍ ഇല്ലാതെ ആശുപത്രികള്‍ മൂന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ അഭാവം ആശുപത്രികള്‍ക്ക് മാത്രമല്ല ഇവിടെ സേവനം തേടിയെത്തുന്ന രോഗികള്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അവധിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യം ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനാല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്കാന് തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ഇപ്പോള്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസുകള്‍ നല്കാന് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന കാര്യം ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതീക്ഷ.