കോവിഡ് ബാധിതരുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ ഇന്നുമുതല്‍ സര്‍ക്കാര്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് ടെസ്റ്റ് നടത്താനുള്ള കിറ്റുകള്‍ വീട്ടിലേയ്ക്ക് അയച്ചു നല്‍കും. ഇന്നു മുതല്‍ ഇവര്‍ക്ക് കിറ്റുകള്‍ ലഭ്യമായി തുടങ്ങും.
കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുമായി അടുത്ത സമ്പര്‍ക്കില്‍ വരുന്നവരെ ആരോഗ്യവകുപ്പില്‍ നിന്നുമുള്ള ആളുകള്‍ വിളിക്കുകയും കൃത്യമായ നിര്‍ദ്ദേശം നല്‍കിയ ശേഷം ടെസ്റ്റ് കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്യും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുകയും ലക്ഷണങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നവരും ഇത്തരത്തില്‍ ടെസ്റ്റ് ചെയ്യണം.
ടെസ്റ്റ് കിറ്റ് ലഭിച്ചാല്‍ അപ്പോള്‍ തന്നെ ആദ്യ ടെസ്റ്റ് നടത്തണം രണ്ട് ദിവസങ്ങള്‍ക്കു ശേഷം രണ്ടാമതും വീണ്ടും രണ്ടു ദിവസങ്ങള്‍ക്കു ശേഷം മൂന്നാം ടെസ്റ്റും നടത്തണം. പോസിറ്റീവ് ആണെന്നു കണ്ടാല്‍ ആരോഗ്യവകുപ്പില്‍ വിവിരമറിയിക്കുകയും ഐസൊലേഷനില്‍ പോവുകയും ഒപ്പം പിസിആര്‍ ടെസ്റ്റ് നടത്തി ടെസ്റ്റ് റിസല്‍ട്ട് സ്ഥിരീകരിക്കുകയും വേണം.
നേരത്തെ രാജ്യത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ ലക്ഷണമൊന്നും ഇല്ലെങ്കില്‍ ടെസ്റ്റ് നടത്തേണ്ടതില്ലായിരുന്നു. കോവിഡ് കൂടുതല്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി ഇക്കഴിഞ്ഞ ദിവസമാണ് ഇങ്ങനെയുള്ളവരും ടെസ്റ്റ് നടത്തണമെന്ന നിബന്ധന നടപ്പില്‍ വരുത്തിയത്.