രാജ്യത്ത് കോവിഡ് രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്നലെ രാജ്യത്ത് 1,845 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 497 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഈ അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ രോഗികളാണ് നിലവില്‍ ആശുപത്രികളിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ഇന്നലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 24 പേര്‍ അധികമാണ്.
ശനിയാഴ്ച കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 48 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആശുപത്രികളില്‍ ഉള്ളവരില്‍ 99 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നാണ് മറ്റൊരു കാര്യം. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനോട് വിമുഖത കാണിക്കുന്നവരും ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കണമെന്നും ഇത് രോഗം ഗുരുതരമാകാതിരിക്കാന്‍ സഹായകമാകുമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
നിലവിലെ കണക്കുകള്‍ പര്കാരം വാക്‌സിനെടുക്കാന്‍ എത്തുന്ന ആളുകളുടെ എണ്ണത്തില്‍ കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ദിവസേന 800 മുതല്‍ 1000 പേര്‍ വരെ വാക്‌സിനെടുക്കാന്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടായിരത്തോളം ആളുകള്‍ ദിനംപ്രതി വാക്‌സിന്‍ സ്വീകരിക്കുന്നുണ്ടെന്നാണ് കണക്ക്.