യൂറോപ്പില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് കൂടുതല്‍ ആളുകള്‍ക്ക് നല്‍കാന്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകാരം. ഫൈസര്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ക്കാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്കും ആറ് മാസത്തിന് ശേഷം കോവിഡ് പ്രതിരോധശേഷി കുറയുന്നതായുള്ള പഠനങ്ങളെ തുടര്‍ന്നാണ് നടപടി.
18 വയസ്സിന് മുകളില്‍ ആരോഗ്യമുള്ള ഏത് വ്യക്തികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നാണ് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി നിഷ്‌കര്‍ഷിച്ചിരിക്കുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് ആറുമാസമെങ്കിലും കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കാവുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഓരോ രാജ്യത്തിനും തീരുമാനമെടുക്കാമെന്നും ഇഎംഎ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 88 ശതമാനം പ്രതിരോധശേഷി ലഭിക്കുന്നുണ്ടെങ്കിലും ആറ് മാസത്തിന് ശേഷം ഇത് 47 ശതമാനത്തിലേയ്ക്ക് കുറയുന്നതായാണ് പഠനങ്ങള്‍. ഇതേ തുടര്‍ന്നാണ് ബൂസ്റ്റര്‍ ഡോസ് വ്യാപകമാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പ്രായമേറിയവര്‍ക്കു മാത്രാമാണ് രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
ഈ സാഹചര്യത്തിലാണ് 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും ഫൈസര്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന നിലപാടിലേയ്ക്ക് ഇഎംഎ എത്തിയത്.