കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്താകമാനം തൊഴില്‍ മേഖലയില്‍ ഉടലെടുത്ത പുതിയ സംസ്ക്കാരമായിരുന്നു ” വര്‍ക്ക് ഫ്രം ഹോം ” എന്നത്. എന്നാല്‍ ഇത് വിജയകരമായി മുന്നോട്ട് പോകുന്നതായി കണ്ടെത്തിയതോടെ ഇപ്പോള്‍ പല കമ്പനികളും തങ്ങളുടെ തൊഴിലാളികളെ വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.
എന്നാല്‍ “വര്‍ക്ക് ഫ്രം ഹോം” ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി ഒരു നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ട് സര്‍ക്കാര്‍. നിയമം പ്രാബല്ല്യത്തിലായാല്‍ ജോലിക്ക് പ്രവേശിക്കുന്ന സമയം തന്നെ വര്‍ക്കം ഫ്രം ഹോം ആണ് താത്പര്യമെങ്കില്‍ അത് തൊഴിലുടമയോട് പറയാം.
ഓഫീസില്‍ വന്ന് തന്നെ ജോലി ചെയ്യണമെന്ന് തൊഴിലുടമ നിര്‍ബന്ധിച്ചാല്‍ അതിനുള്ള കാരണവും അദ്ദേഹം കാണിക്കണം. ഇനി വര്‍ക്ക് ഫ്രം ഹോം ആണ് അനുവദിക്കുന്നതെങ്കില്‍ അതിനുള്ള കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ കമ്പനി തന്നെ ജീവനക്കാര്‍ക്ക് നല്‍കണം.
പൊതുമേഖല സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ മുഴുവന്‍ ജോലി സമയത്തിന്റെ ഇരുപത് ശതമാനം സമയം “വര്‍ക്ക് ഫ്രം ഹോം” രീതിയിലാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട് . ഇത്തരം കാര്യങ്ങള്‍ നടപ്പില്‍ വരുത്താനും ജീവിതത്തിന്റേയും തൊഴിലിന്റേയും ഭാഗമാക്കാനുമുള്ള അവസരം കൂടിയാണിതെന്ന് ലിയോ വരദ്ക്കര്‍ പറഞ്ഞു.