കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് നിലവില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ ഈ മാസം അവസാനത്തോടെ നീക്കിയേക്കുമെന്ന് സൂചനകള്‍. സാമൂഹ്യ അകലം സംബന്ധിച്ച നിയന്ത്രണങ്ങളും മറ്റ് കര്‍ശന നിയന്ത്രണങ്ങളും ഒഴിവാക്കിയേക്കും. ആളുകള്‍ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സ്വയം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
നിലവില്‍ രണ്ട് മീറ്റര്‍ സാമൂഹ്യ അകലമാണ് സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. ഇത് ജോലിസ്ഥലങ്ങലിലും, ഇന്‍ഡോര്‍ ഏരിയകളിലും അടക്കം ഒരു മീറ്ററായി ചുരുക്കിയേക്കും. രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതോടെയാണ് നിയന്ത്രണങ്ങള്‍ മാറ്റി ജനജീവിതം സാധാരണ ഗതിയിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
എന്നാല്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമ്പോഴും മാസ്‌ക് ധരിക്കണം എന്നത് നിര്‍ബന്ധമായിരിക്കും. 85-90 ശതമാനം ആളുകള്‍ വാക്‌സിനേറ്റഡ് ആകുന്നതോടെയായിരിക്കും നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുക. ഇതിനായുള്ള ഡ്രാഫ്റ്റ് തയ്യാറായതായാണ് ലഭിക്കുന്ന വിവരം. സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് സംബന്ധിച്ചും , കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ പുനരാരംഭിക്കുന്നത് സംബന്ധിച്ചും നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഡ്രാഫ്റ്റില്‍ പദ്ധതിയുള്ളതായാണ് വിവരം.