അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ബോണസ് ഉടന്‍ അനുവദിക്കണമെന്നും കോവിഡ് കാലത്തെ തങ്ങളുടെ സേവനങ്ങള്‍ മാനിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരെ പ്രശംസിച്ച് നിരവധി പ്രസ്താവനകള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും ബോണസ് അടക്കമുള്ള കാര്യത്തില്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്തത് ഖേദകരമാണെന്ന് ഇവര്‍ പറയുന്നു.
യുകെ, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ബോണസ് വിതരണം നടത്തി കഴിഞ്ഞെന്നും അയര്‍ലണ്ടില്‍ ഇനിയും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് ഇവരുടെ പരാതി. യൂണിയനുകള്‍ ഇത് സംബന്ധിച്ച് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഒരുങ്ങുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഇതുവരെ ഉണ്ടാകാത്തതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശയുണ്ടെന്നും യൂണിയനുകള്‍ പറയുന്നു.
രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 47 ഇരട്ടി കൂടുതലാണെന്നും ഇതിനകം തന്നെ 30000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നു കഴിഞ്ഞെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.