മോട്ടോര്‍ വാഹന വിപണിയില്‍ അതിശയകരമായ മാറ്റങ്ങള്‍ നടത്തുന്ന കമ്പനിയാണ് വാഹന നിര്‍മ്മാതാക്കളായ ടെസ്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ഇവിടെ ടെസ്ല ചെയ്യുന്നത്. നോര്‍വേയില്‍ മദ്യപിച്ചയാള്‍ ഓടിച്ച വാഹനം അപകടാവസ്ഥയിലേയ്ക്ക് പോകുന്നത് മുന്‍കൂട്ടി കണ്ട് ടെസ്ല കാര്‍ സ്വയം റോഡിന്റെ സൈഡിലേയ്ക്ക് മാറി പാര്‍ക്ക് ചെയ്തതാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചയായിരിക്കുന്ന ഒരു വിഷയം. ഇതു സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
രാത്രി ചുറ്റാനിറങ്ങയ ഇരുപത്തിനാല് കാരനാണ് മദ്യപിച്ച് വാഹനമോടിച്ചത്. അലക്ഷ്യമായി ഡ്രൈവ് ചെയ്ത ഇയാള്‍ ഇടയ്ക്ക് ഉറങ്ങിപ്പോവുകയും സ്റ്റിയറിംഗിലേയ്ക്ക് തല ചായ്ച്ച് കിടക്കുകയുമായിരുന്നു. ഈ സമയം അപായസൂചന നല്കുന്ന ലൈറ്റുകല്‍ തെളിച്ച് റോഡില്‍ ഒപ്പമുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയ കാര്‍ മറ്റ് വാഹനങ്ങള്‍ക്ക് ശല്ല്യമില്ലാതെ റോഡിന്റെ സൈഡിലേയ്ക്ക് മാറി കൃത്യമായി പാര്‍ക്ക് ചെയ്യുകയായിരുന്നു. നോസ്റ്റ്വെറ്റ് ടണലിലൂടെ വാഹനം കടന്നു പോയപ്പോഴായിരുന്നു സംഭവം. സ്ഥലത്തെ പോലീസും ഈ സംഭവം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതാന് തന്നെ വന്‍ അപകടമാണ് ഒഴിവായത്. ടെസ്ലയുടെ മോഡല്‍ എസ് വൈറ്റ് കാറിലാണ് സംഭവം നടന്നത്. ഡ്രൈവറുടെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടാകഞ്ഞപ്പോള് കാറിന്റെ ഓട്ടോ പൈലറ്റ് സിസ്റ്റം സ്വയം പ്രവര്‍ത്തിച്ചാണ് വാഹനം അപകടം കൂടാതെ പാര്‍ക്ക് ചെയ്തത്.