രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഇന്‍ഡോര്‍ ഡൈനിംഗുകള്‍ അടക്കമുള്ളവ തുറന്നു കൊടുക്കുന്നതിനായി നടപ്പിലാക്കുന്ന പുതിയ നിയമഭേദഗതി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരുന്നു. ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ റസ്‌റ്റോറന്റുകളും പബ്ബുകളും അടക്കമുള്ള സ്ഥലങ്ങളില്‍വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായവരെ മാത്രം അകത്തു പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നിയമപ്രശ്‌നങ്ങളിലേയ്ക്ക് പോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ നടപടി. 1947 ലെ പബ്ലിക് ഹെല്‍ത്ത് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്.
രാജ്യത്തെ മുഴുവന്‍ ജനങ്ങളും വാക്‌സിന്‍ സ്വീകരിച്ചാല്‍ ആ ഭേദഗതി അസാധുവാകും. ജൂലൈ -19 മുതല്‍ രണ്ടാം ഘട്ട ഇളവുകള്‍ പ്രാബല്ല്യത്തില്‍ വരുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഇനിയുള്ള ഇളവുകള്‍ രണ്ട് ഘട്ടമായി നടപ്പിലാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.