കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ട്ടപ്പെട്ട് പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാനാഡെമിക് അണ്എംപ്ലോയ്മെന്റ് പേയ്മെന്റ് പദ്ധതിയിലേയ്ക്ക് ഇനി അപേക്ഷകള്‍ സ്വീകരിക്കില്ല. രാജ്യം ലോക്ഡൗണ്‍ ഇളവുകളിലേയ്ക്ക് പോകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. കൂടുതല്‍ ആളുകള്‍ തൊഴിലിടങ്ങലിലേയ്ക്ക് മടങ്ങുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
തൊഴില്‍ രഹിതരായവര്‍ക്ക് 203 യൂറോയായിരുന്നു മുമ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. കോവിഡുമായി ബന്ധപ്പെട്ട് നിരവധി പേര് തൊഴില്‍രഹിതരായിമാറിയ സാഹചര്യത്തില്‍ ഇത് ആഴ്ചയില്‍ 350 യൂറോയായി ഉയര്‍ത്തിയിരുന്നു. ഈ പദ്ധതിയിലേയ്ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ് ഇന്നു മുതല്‍ അവസാനിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നല്കി വരുന്ന പാനാഡമിക് അണ്എംപ്ലോയ്മെന്റ് പേയ്മെന്റ് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോള്‍ 2,21,000 ആളുകളാണ് പാനഡമിക് അണ്എംപ്ലോയ്മെന്റ് പേയ്മെന്റ് സ്വീകരിച്ചുവരുന്നത്. ഇതുവരെ 9,00,000 ആളുകള്‍ ഈ ആനുകൂല്ല്യം കൈപ്പറ്റിയിട്ടുണ്ട്. രാജ്യത്ത് വാക്സിനേഷന് കാര്യക്ഷമമായി മുന്നോട്ട് പോകുന്നതിനാല്‍ ഇനി കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടി വരില്ല എന്ന കണകൂകൂട്ടലിലാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വ്യവസായങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്ത്തനമാരംഭിക്കാത്തതിനാല് തിരികെ ജോലിയില്‍ പ്രവേശിച്ച പലര്‍ക്കും തൊഴില്‍ സമയം കുറഞ്ഞിട്ടുണ്ട്.