വാക്‌സിന്‍ വിതരണം വേഗത്തിലാക്കുന്നു

രാജ്യത്ത് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചു. മുതിര്‍ന്ന എല്ലാ ആളുകള്‍ക്കും മുമ്പ് പ്രഖ്യാപിച്ചിരുന്നതിലും ഒരു മാസം നേരത്തെ തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ക്രമീകരണം നടത്തിയിരിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെയോ അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ചയോ 18 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഗവണ്‍മെന്റിന്റെ നേരത്തെയുള്ള കണക്കുകൂട്ടലുകളനുസരിച്ച് സെപ്റ്റംബര്‍ അവസാനത്തോടെയൊ അല്ലെങ്കില്‍ ഒക്ടോബര്‍ ആദ്യമോ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നായിരുന്നു. എന്നാല്‍ ഡെല്‍റ്റാ വകഭേദം വ്യാപിക്കാനിടയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വളരെ വേഗത്തില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ എല്ലാവരിലുമെത്തിക്കാന്‍ ശ്രമം നടത്തുന്നത്. എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടിന് ഓഫീസര്‍ പോള്‍ റീഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് റൊമാനിയയില്‍ നിന്നും ഉടന്‍ തന്നെ 10,00,000 ഡോസ് മൊഡേണാ വാക്‌സിന്‍ എത്തുന്നതിനാല്‍ ജാന്‍സണ്‍, അസ്ട്രാസെനക്ക വാക്‌സിനുകള്‍ യുവജനങ്ങള്‍ക്കും ഉടന്‍ നല്‍കി തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരിലും വാക്‌സിനെത്തിക്കഴിഞ്ഞാല്‍ രാജ്യം കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകളിലേയ്ക്കും പോകുമെന്നാണ് സൂചന.

ഇന്നു മുതല്‍ രാജ്യത്തെ 750 ഏംഗീകൃത ഫാര്‍മസികളിലും യുവജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കും. ഈ മാസം 12 മുതല്‍ 18-34 പ്രായ പരിധിയിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി തങ്ങള്‍ക്ക് ജാനസണ്‍ അസ്ട്രാസെനക്ക വാകിസിനുകളിലൊന്ന് തെരഞ്ഞെടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share This News

Related posts

Leave a Comment