രാജ്യത്ത് രണ്ടാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പിലാക്കുന്നത് വൈകും. ജൂലൈ അഞ്ചിന് ഇളവുകള്‍ നടപ്പിലാക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും ചീഫ് മെഡിക്കല്‍ ഓഫീസറുടേയും, നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ എമര്‍ജന്‍സി ടീമിന്റെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുത്തത്. ഇളവുകള്‍ നടപ്പിലാക്കുന്നത് ഏതാനും ആഴ്ചകള്‍ നീട്ടിവയ്ക്കുന്നു എന്നാണ് തീരുമാനമെങ്കിലും ജൂലൈ 19 ന് ഇളവുകള്‍ നടപ്പിലാക്കാം എന്നാണ് സര്‍ക്കാരിന്റെ നിലവിലെ പദ്ധതി.
ഇതിനിടയില്‍ കോവിഡ് വ്യാപനവും വാകിസനേഷന്റെ പുരോഗതിയും വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാനാണ് സാധ്യത. ഔട്ട് ഡോര്‍ ഡൈനിംഗ് , ഡ്രിങ്കിംഗ്, മറ്റു വലിയ ഒത്തു ചേരലുകള്‍ എന്നിവ അനുവദിക്കുന്നതായിരുന്നു മുമ്പ് പ്രഖ്യാപിച്ചിരുന്ന രണ്ടാം ഘട്ട ഒഴിവുകള്‍.
കോവിഡ് ഡെല്‍റ്റ വകഭേദം രാജ്യത്ത് കണ്ടെത്തുകയും വ്യാപനസാധ്യത ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവുകള്‍ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കാന്‍ തീരുമാനിച്ചത്. ഇനി ഇളവുകള്‍ നടപ്പിലാക്കുമ്പോഴും ഔട്ട് ഡോര്‍ ഡൈനിംഗ് അടക്കമുള്ളവയില്‍ രണ്ട ഡോസ് വാക്സിനുകളും എടുത്തവര്‍ക്ക് മാത്രം പ്രവേശനം നല്കിയാല് മതി എന്ന വിധത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.