രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗം മുന്നോട്ടു നീങ്ങുന്നു. മൂപ്പത് മുതല്‍ മുപ്പത്തിയൊമ്പത് വരെ പ്രായപരിധിയിലുള്ളവര്‍ക്കാണ് ഇപ്പോള്‍ പുതുതായി രജിസ്‌ട്രേഷന് സൗകര്യം നല്‍കിയിരിക്കുന്നത്. ജൂലൈമാസത്തോട് ഇരുപത് മുതല്‍ ഇരുപത്തിയൊമ്പത് വരെ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റ് ആദ്യവാരമോ ഇവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. എച്ച്എസ്ഇ ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ ഡോ. കോം ഹെന്‍ട്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30-39 പ്രായപരിധിയിലുള്ളവരുടെ വാക്‌സിനേഷന്‍ ജൂലൈമാസത്തില്‍ തന്നെ അവസാനിക്കുമെന്നും ഇതിനുശേഷം 20-29 പ്രായപരിധിയിലുള്ളവര്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിനായുളള ഹൈ ലെവല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ കണക്ക് കൂട്ടല്‍പ്രകാരം ഏകദേശം
900,000 ഡോസ് വാക്‌സിനുകള്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ സാധിക്കും. പരമാവദി ആളുകളിലേയ്ക്ക് രണ്ട് ഡോസ് വാക്‌സിനുകളും എത്തിച്ച് കോവിഡിനെ ഫലപ്രദമായി നേരിടുക എന്നതാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്നും ഡോ. ഹെന്‍ട്രി പറഞ്ഞു.
അവസാന 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയ 283 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 45 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 15 പേരാണ് ഐസിയുവിലുള്ളത്.