വാക്‌സിനെടുക്കാത്തവര്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് ഗവണ്‍മെന്റ്

രാജ്യത്ത് രണ്ട് ഡോസ് വാക്‌സിനുകളുമെടുക്കാത്തവര്‍ മറ്റുരാജ്യങ്ങളിലേയ്ക്കുള്ള അവധിക്കാല ഉല്ലാസ യാത്രകള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ടോണി ഹോളോഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ മീറ്റിംഗിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബമായി ഉല്ലാസയാത്ര പോകുമ്പോള്‍ വീടുകളിലെ പ്രായമായവര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്, കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല എന്ന കാര്യം മറക്കരുതെന്നും അതിനാല്‍ ഇത്തരം കുടുംബങ്ങള്‍ യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ പുറത്തേയ്ക്കുള്ള യാത്രകളില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള വാക്‌സിന്‍ സ്വീകരിക്കാത്തവരുമായി ഇടപഴകുമ്പോള്‍ കൊറോണയുടെ പല വകഭേദങ്ങളും ബാധിക്കാന്‍ ഇടയുണ്ടെന്നും ഇത് രാജ്യത്തെത്തുന്നത് ആപത്താണെന്നും അദ്ദേഹം വിശദീകരിച്ചു.

ജൂലൈ മാസം 19 മുതലാണ് രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതും യാത്രകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതും എന്നാല്‍ ആളുകള്‍ ഈ ഇളവുകള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

Share This News

Related posts

Leave a Comment