അയര്‍ലണ്ട് വാക്സിനേഷനില്‍ അതിവേഗം ബഹുദൂരം മുന്നോട്ട് പോകുന്നതായി കണക്കുകള്‍. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം ഇതുവരെ മൂന്നു മില്ല്യണിലധികം ആളുകള്‍ വാക്സിന് സ്വീകരിച്ചതായി ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഹോണ്‍ലി പറഞ്ഞു. മൂന്നു മില്ല്യണ്‍ എന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വാക്സിന് ആദ്യ ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു എന്നാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വാക്സിനേഷന് നയത്തോട് പൂര്‍ണ്ണമായി സഹകരിച്ച ജനങ്ങളോട് നന്ദി അറിയിച്ച ആരോഗ്യമന്ത്രി ഈ വലിയ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഇനി 40 വയസ്സുമുതലുള്ളവര്‍ക്ക് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്ക്കും വാക്സിന് സ്വീകരിക്കാനുള്ള സാഹചര്യം വേഗത്തില്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഇളവുകള്‍ ഇന്നുമുതല്‍ നിലവില്‍ വരികയാണ്. ഔട്ട് ഡോര്‍ ഡൈനിംഗ്, പബ്ബുകള്‍ എന്നിവ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. ഇളവുകളിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.