അസ്ട്രാസെനക്കാ കോവിഡ് വാക്സിന് ആദ്യ ഡോസും രണ്ടാം ഡോസും തമ്മിലുള്ള ഇടവേള കുറച്ചാല്‍ രാജ്യത്ത് വാക്സിനേഷന് സ്പീഡ് ഇരട്ടിയാകും. നിലവില്‍ കുറഞ്ഞത് പന്ത്രണ്ട് ആഴ്ചയാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നിശ്ചയിച്ചിരിക്കുന്നത്. ഇത് എട്ട് ആഴ്ചയിലേക്ക് കുറയ്ക്കണമെന്നായിരുന്നു ശുപാര്‍ശ. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയിയായിരുന്നു ഈ നിര്‍ദ്ദേശം നല്‍കിയത്.
രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചാല്‍ രാജ്യത്തെ വാക്സിന് ലഭ്യത ഇപ്പോളത്തേതിന്റെ ഇരട്ടിയാക്കേണ്ടി വരും. ഇപ്പോളത്തെ കണക്കനുസരിച്ച് തന്നെ ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകള്‍ ഇപ്പോള്‍ മുതല്‍ ആഗസ്റ്റ് പകുതി വരെയുള്ള സമയത്ത് അസ്ട്രാസെനക്ക രണ്ടാം ഡോസ് സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരാണ്. ഇപ്പോളത്തെ 12 ആഴ്ച എന്ന സമയപരിധി അനുസരിച്ചുള്ളവരാണ് ഇവര്‍.
ഇതില്‍ 32000 ആളുകള്‍ ഈ ആഴ്ചത്തന്നെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരാണ്. ജൂലൈ മൂന്നാമത്തെ ആഴ്ചയാണ് ഏറ്റവുമധികം ആളുകള്‍ക്ക് രണ്ടാം ഡോസ് നല്‍കേണ്ടത്. 124,000 ആളുകളാണ് ആ ഒറ്റ ആഴ്ചയില്‍ വാക്സിന് സ്വീകരിക്കേണ്ടത്. എന്നാല്‍ രണ്ട് ഡോസുകള്‍ തമ്മിലുള്ള സമയപരിധി കുറച്ചാല്‍ ഇതിന്റെ ഇരട്ടിയോളം ആളുകള്‍ക്കാണ് ഈ കാലയളവില്‍ രണ്ടാം ഡോസ് കൊടുക്കേണ്ടി വരിക. നിലവിലെ വാക്സിന് ലഭ്യത അനുസരിച്ച് ഇത് ബുദ്ധിമുട്ടാകും.
ഇതിനാല്‍ തന്നെ വാക്സിന് ലഭ്യതയുടെ കാര്യം ഉറപ്പാക്കിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ എടുക്കാനാണ് എച്ച്എസ്ഇ യുടെ തീരുമാനം. കൊറോണയുടെ ഇന്ത്യന്‍,യുകെ വകഭേദങ്ങളെ കൂടുതല്‍ പ്രതിരോധിക്കാന്‍ സാധിക്കുന്നത് രണ്ട് ഡോസുകളും എടുത്തവര്ക്കാണെന്നുള്ള പഠനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇങ്ങനെയൊരു ശുപാര്‍ശ എച്ചഎസ്ഇക്ക് ലഭിച്ചത്.