കോവിഡ് -19 നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ ഇളവ് പ്രകാരം ഇന്റർ-കൗണ്ടി യാത്രകൾ അനുവദിച്ചതോടെ റോഡുകളിലെ കാറുകളുടെ എണ്ണം വർദ്ധിച്ചു. ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ടിന്റെ (ടിഐഐ) കണക്കുകൾ പ്രകാരം ഇന്നലെ രാവിലെ മുതൽ രാജ്യത്തുടനീളമുള്ള ട്രാഫിക്കിന്റെ അളവ് വൻതോതിൽ വർദ്ധിച്ചുവെന്ന് അറിയിച്ചു.
ഏപ്രിൽ 26 തിങ്കളാഴ്ച ഉണ്ടായിരുന്ന ട്രാഫിക് തിരക്കിനെ അപേക്ഷിച്ച് താരതമ്യപ്പെടുത്തുമ്പോൾ, അയർലണ്ടിലെ പ്രധാന റോഡുകളിൽ യാത്ര ചെയ്യുന്ന കാറുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. വിക്ലോ കൗണ്ടിയിലെ ഫാസറോയിലെ എം 11 ലെ ട്രാഫിക് മാർക്കർ ഏപ്രിൽ 26 നെ അപേക്ഷിച്ച് ഇന്നലെ രാവിലെ 8 നും 12 നും ഇടയിൽ റോഡിലെ കാറുകളുടെ എണ്ണം 13 ശതമാനം കൂടുതലാണ് കാണിച്ചത്, അതായത് ഏകദേശം 1,609 കാറുകളാണ് അധികമായി ഇന്നലെ ഒരൊറ്റ ദിവസം നിരത്തിലിറങ്ങിയത്. അതേസമയം അയർലൻഡ് വെസ്റ്റിലെ എൻ 18 ലെ കാർ ഗതാഗതം -അതായത് ഗോൽവേയെ കോർക്കിലേക്ക് ബന്ധിപ്പിക്കുന്ന പ്രധാന വഴി, ക്ലെയർ, ലിമെറിക്ക് എന്നീ കൗണ്ടികളിലൂടെയാണ് ഈ വഴി കടന്നുപോകുന്നത് – ഏപ്രിൽ മാസത്തെ അപേക്ഷിച്ച് വളരെ തിരക്കായിരുന്നു ഇന്നലെ രാവിലത്തെ, ഏകദേശം 11% വർദ്ധനവാണ് വാഹനങ്ങൾ നിരത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത്. അയർലണ്ടിലെ മറ്റ് റോഡുകളിലെ ഗതാഗത നിലവാരവും വർദ്ധിച്ചു. കോർക്ക് കൗണ്ടിയിലെ ബ്യൂട്ടേവാന്റിനും ചാൾവില്ലെക്കുമിടയിൽ എൻ 20 റൂട്ടിലെ കാറുകളുടെ എണ്ണം 7 ശതമാനം വർദ്ധിച്ചു.
ജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശം ഇപ്പോഴും നിലവിലുണ്ട്. രോഗവ്യാപനം തടയാൻ ആളുകൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഐറിഷ് റോഡ് ആൻഡ് സേഫ്റ്റി അതോറിറ്റിയും നിർദ്ദേശിക്കുന്നു.