കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു. പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മൈക്കിള്‍ മാക്ബ്രൈഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ വകഭേദമായ B.1.617.2 ആണ് ഇവിടെ കണ്ടെത്തിയത്. ഏഴുപേരിലാണ് ഇപ്പോള്‍ ഈ വൈറസ് സ്ഥീരീകരിച്ചിരിക്കുന്നത്. ഇവരുടെ പ്രാഥമീക സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണെന്നും വ്യാപനം തടയുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് അപ്രതീക്ഷിതമല്ലെന്നും ആശങ്ക വേണ്ടെന്നും ഇതിനെ നേരിടാനുള്ള പദ്ധതികള്‍ ഇതിനകം തന്നെ രൂപീകരിച്ച് നടപ്പിലാക്കി തുടങ്ങിയെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. വൈറസിന്റെ എല്ലാ വകഭേദങ്ങളും ഓരേ രീതിയിലാണ് പകരുന്നതെന്നും അതിനാല്‍ ഈ മേഖലയില്‍ യാത്രകള്‍ അടക്കം നിയന്ത്രിച്ച് വ്യാപനം തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യയില്‍ അതിരൂക്ഷമായി വ്യാപിക്കുന്ന കൊറോണയുടെ ഇന്ത്യന്‍ വകഭേദം ആദ്യമായാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമൂഹ്യമകലമടക്കം കര്‍ശനമായി പാലിച്ച് വൈറസ് വ്യാപനം തടയാനാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.