അയർലണ്ടിൽ ഉയർന്ന വേഗതയ്ക്കുള്ള പെനാൽറ്റി പോയിന്റുകൾ പിഴ എന്നിവ വർധിപ്പിക്കാൻ മന്ത്രിസഭ ആലോചിക്കുന്നു. അതാത് റോഡിന്റെ വേഗത പരിധി മറികടന്ന് മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് കോടതി പ്രോസിക്യൂഷനും 2,000 യൂറോ വരെ പിഴയും നേരിടേണ്ടിവരും. ഗതാഗത മന്ത്രി ഷെയ്ൻ റോസ് ഇന്ന് മന്ത്രിസഭയിൽ സമർപ്പിക്കും.
നിലവിലുള്ള നിയമപ്രകാരം, വേഗത പരിധി ലംഘിച്ചതായി കണ്ടെത്തിയ വാഹനമോടിക്കുന്നയാൾക്ക് 80 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളും ലഭിക്കുന്നു.
ഇനി മുതൽ “വേഗത കൂടുംതോറും ശിക്ഷയും കൂടും”.
റോഡിന്റെ വേഗത പരിധിയെക്കാൾ മണിക്കൂറിൽ 10 കിലോമീറ്റർ വരെ ഓവർ സ്പീഡിൽ വാഹനമോടിക്കുന്നവർക്ക് 60 യൂറോ പിഴയും രണ്ട് പെനാൽറ്റി പോയിന്റുകളും ലഭിക്കും.
റോഡിന്റെ വേഗത പരിധിയെക്കാൾ മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ ഓവർ സ്പീഡിൽ വാഹനമോടിക്കുന്നവർക്ക് 80 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളും ലഭിക്കും.
റോഡിന്റെ വേഗത പരിധിയെക്കാൾ മണിക്കൂറിൽ 20 കിലോമീറ്റർ മുതൽ 30 കിലോമീറ്റർ വരെ ഓവർ സ്പീഡിൽ വാഹനമോടിക്കുന്നവർക്ക് 100 യൂറോ പിഴയും നാല് പെനാൽറ്റി പോയിന്റുകളും ലഭിക്കും.
മണിക്കൂറിൽ റോഡിന്റെ വേഗത പരിധിയെക്കാൾ 30 കിലോമീറ്ററിൽ കൂടുതൽ സ്പീഡിൽ വാഹനമോടിക്കുന്നയാൾക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകപ്പെടും, അവർക്ക് കോടതി പ്രോസിക്യൂഷനും 2,000 യൂറോ വരെ പിഴയും ലഭിക്കും. വീണ്ടും ഈ വിധത്തിലുള്ള ഓവർ സ്പീഡിന് പിടിക്കപ്പെട്ടാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വരും.