2019 മാർച്ച് 29 ന് ബ്രെക്സിറ് പ്രാബല്യത്തിൽ വരുന്നതിനു ശേഷം നിങ്ങൾ നോർത്തേൻ അയർലണ്ടിലെയ്ക്കോ യുകെയിലേക്കോ വാഹനമോടിച്ച് പോകാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം. ഐറിഷ് ലൈസൻസ് കൊണ്ട് മാത്രം നിങ്ങൾക്ക് നോർത്തേൻ അയർലണ്ടിലും യുകെയിലും വാഹനം ഓടിക്കാൻ പറ്റില്ല.
നോ ഡീൽ ബ്രെക്സിറ്റ് ആണ് വരുന്നതെങ്കിൽ മോട്ടോർ ഇൻഷുറൻസ് കമ്പനികൾ ഇഷ്യൂ ചെയ്യാൻ ഒരുങ്ങുന്ന ഗ്രീൻ കാർഡ് എന്ന് പേരിട്ടിരിക്കുന്ന കാർഡ് കൂടി ഉണ്ടെങ്കിൽ മാത്രമേ ബ്രെക്സിറ്റിനു ശേഷം യുകെയിലും നോർത്തേൻ അയർലണ്ടിലും വാഹനം ഓടിക്കാൻ പറ്റൂ.
നോർത്തേൻ അയർലണ്ടിലും യുകെയിലും വാഹനം ഓടിക്കാൻ തങ്ങളുടെ ഇൻഷുറൻസ് ബാധകമാണെന്ന് കാണിക്കുന്നതാണ് ഗ്രീൻ കാർഡ്. നാല് ലക്ഷത്തിലധികം ഗ്രീൻ കാർഡുകൾ മോട്ടോർ ഇൻഷ്വറൻസ് ബ്യൂറോ ഓഫ് അയർലൻഡ് (MIBI) വിവിധ മോട്ടോർ ഇൻഷുറൻസ് കമ്പനികൾക്കും ബ്രോക്കർസിനും അയച്ചു കൊടുത്തുകഴിഞ്ഞു.
മാർച്ച് ആദ്യവാരം മുതൽ ഇൻഷുറൻസ് കമ്പനികൾ ഇത് ഡ്രൈവേഴ്‌സിന് കൊടുത്തു തുടങ്ങും. യുകെയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ ഒരു മാസം മുൻപെങ്കിലും ഗ്രീൻ കാർഡിന് അപേക്ഷിക്കണം. എങ്കിൽ മാത്രമേ നിങ്ങളുടെ പ്ലാൻ അനുസരിച്ചുള്ള ദിവസത്തിനു മുൻപ് ഗ്രീൻ കാർഡ് കൈയ്യിൽ കിട്ടുകയുള്ളൂ.
ഗ്രീൻ കാർഡുകൾ കുറഞ്ഞത് 15 ദിവസം വാലിഡിറ്റി ഉള്ളവയായിരിക്കും. നിലവിൽ ഉള്ള ഇൻഷുറൻസ് കാലാവധി തീരുന്നതുവരെ ആയിരിക്കും ഗ്രീൻ കാർഡിന് കിട്ടുന്ന പരമാവധി വാലിഡിറ്റി.
മാർച്ച് ഒന്ന് മുതൽ മാത്രമേ ഗ്രീൻ കാർഡിന് അതാത് ഇൻഷുറൻസ് കമ്പനികളിൽ നിന്നും അപേക്ഷിയ്ക്കാൻ പറ്റുകയുള്ളൂ. ഇതിന് എന്തെങ്കിലും അധിക ഫീസ് കൊടുക്കണോ എന്നുള്ള വിവരം പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും ഓരോരുത്തരുടെയും ഡ്രൈവിംഗ് ഇൻഷുറൻസ് ഹിസ്റ്ററി അനുസരിച്ചായിരിക്കും ഫീസ് ഉണ്ടെങ്കിൽ തന്നെ അത് വരുക.
Sponsored