ഓൺലൈൻ ഷോപ്പിംഗ് ധാരാളം നടത്തുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആൾക്കാരും. യൂറോപ്പിലെ ഓൺലൈൻ പർച്ചേസിനെപറ്റി അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ പറയാം.
ഓൺലൈൻ ആയി വാങ്ങിയ സാധനങ്ങൾ നമുക്കിഷ്പ്പെട്ടില്ലെങ്കിൽ തിരികെ കൊടുക്കാൻ പറ്റുമോ എന്നതാണ് പലർക്കുമുള്ള ഒരു സംശയം.
യൂറോപ്യൻ യൂണിയനിൽ പെട്ട ഒരു ബിസിനസ് സ്ഥാപനത്തിന്റെ പ്രോഡക്ട് ആണ് നിങ്ങൾ വാങ്ങിയതെങ്കിൽ EU Directive on Consumer Rights എന്ന നിയമപ്രകാരം നിങ്ങൾക്ക് 14 ദിവസത്തെ ഒരു കൂളിംഗ് പീരിയഡ് ലഭിക്കുന്നതാണ്. കൂളിംഗ് പീരിയഡിൽ നിങ്ങൾക്ക് ഓർഡർ യാതൊരുവിധ പെനാൽറ്റിയുമില്ലാതെ ക്യാൻസൽ ചെയ്യാനാവും. എന്നാൽ സെല്ലർ ആവശ്യപ്പെട്ടാൽ റിട്ടേൺ കൊറിയർ (പോസ്റ്റേജ്) ചാർജ് മാത്രം അടയ്ക്കേണ്ടി വരും.
സെല്ലർ 14 ദിവസത്തിനുള്ളിൽ നിങ്ങൾ ആദ്യം മുടക്കിയ മുഴുവൻ തുകയും നിങ്ങൾക്ക് തിരിച്ചു തന്നിരിക്കണം. അതായത് അവർ നിങ്ങൾക്ക് പോസ്റ്റ് ചെയ്ത പോസ്റ്റേജ് ചാർജ് പോലും നിങ്ങളിൽ നിന്നും ഈടാക്കാൻ പാടില്ല.
ഇത് പക്ഷെ സെല്ലർ ഓഫർ ചെയ്ത സ്റ്റാൻഡേർഡ് ഡെലിവറി ചാർജിന്റെ കാര്യമാണ്. നിങ്ങൾ ദ്രുതഗതിയിൽ പ്രോഡക്റ്റ് കൈയിൽ കിട്ടാൻ വേണ്ടി ഫാസ്റ്റർ പോസ്റ്റേജ് ഓപ്ഷൻ ആണ് തിരഞ്ഞെടുത്തിരുന്നതെങ്കിൽ സെല്ലറിന്റെ ഏറ്റവും കുറഞ്ഞ സ്റ്റാൻഡേർഡ് ഡെലിവറി ചാർജ് ഒഴികെയുള്ള തുകയായിരിക്കും നിങ്ങൾക്ക് റീഫണ്ടായി ലഭിക്കുക.
ഒരു കാര്യം മറക്കരുത്. നിങ്ങൾ ഐറ്റം ക്യാൻസൽ ചെയ്ത് 14 ദിവസത്തിനുള്ളിൽ തന്നെ ഐറ്റം റിട്ടേൺ ചെയ്തിരിക്കണം. റിട്ടേൺ പോസ്റ്റേജ് തുക നിങ്ങൾ തന്നെ മുടക്കുകയും വേണം. റിട്ടേൺ പോസ്റ്റേജ് നിങ്ങൾ സാധനം വാങ്ങുമ്പോൾ തന്നെ ഓൺലൈനിൽ റിട്ടേൺ പോസ്റ്റേജ് എങ്ങനെ ആയിരിക്കും അതിന്റെ തുക എത്രയാവും എന്നെല്ലാം പറഞ്ഞിട്ടുണ്ടാവും.
വില്പനയ്ക്ക് ശേഷമുള്ള ഗ്യാരന്റി, മറ്റു കോൺട്രാക്ട് ഏര്പ്പാടുകളെപറ്റിയൊക്കെ അവരുടെ വെബ്സൈറ്റിൽ പറഞ്ഞിട്ടുണ്ടാവും. ഇതിൽ ക്യാൻസലേഷൻ പോളിസിയും കോംപ്ലെയിന്റ് അറിയിക്കാനുള്ള മേൽവിലാസം തുടങ്ങിയവ അടങ്ങിയിരിക്കും.
സെല്ലർ നിങ്ങൾക്ക് ഐറ്റം ക്യാൻസൽ ചെയ്യാനുള്ള നിങ്ങളുട അവകാശങ്ങളെ പറ്റിയുള്ള വിവരങ്ങൾ നിങ്ങൾക്ക് കൈമാറിയില്ലെങ്കിൽ കൂളിംഗ് പീരീഡ് 12 മാസം വരെ നീളും.
എന്നാൽ കൂളിംഗ് പീരീഡ് ഇല്ലാത്ത ഓൺലൈൻ പ്രോഡക്ട് ഉണ്ട് താനും. കസ്റ്റം മെയ്ഡ് ആയിട്ടുള്ള സാധനങ്ങളും, കേടായി പോകുന്നവയും, ട്രാൻസ്പോർട്ടേഷൻ ബുക്കിങ്ങുകളും താമസ സൗകര്യ ബുക്കിങ്ങുകളും മറ്റും മേൽ പറഞ്ഞ കൂളിംഗ് പീരീഡ് ഇല്ലാത്തവയാണ്.
യൂറോപ്യൻ യൂണിയന്റെ പുറത്തു നിന്നുള്ള ബിസിനസ് സ്ഥാപനങ്ങളിൽ നിന്നുള്ള പ്രോഡക്ട് വാങ്ങുമ്പോൾ EU Directive on Consumer Rights എന്ന നിയമത്തിന്റെ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കില്ല. അതിനാൽ അത്രയും പ്രോഡക്ട് വാങ്ങുമ്പോൾ അവരുടെ ടെർമ്സ് ആൻഡ് കണ്ടിഷൻസ് വായിച്ചുനോക്കി മാത്രം സാധനങ്ങൾ വാങ്ങിക്കുക.