ടെസ്‌ല കാര്‍ ഹാക്ക് ചെയ്താൽ സമ്മാനം 6 കോടിയും മോഡൽ ത്രീയും

ഒരു ടെസ്‌ല മോഡൽ ത്രീ കാർ പൂർണമായി ഹാക്ക് ചെയ്താൽ നിങ്ങൾക്കു ലഭിക്കുക 9 ലക്ഷം യുഎസ് ഡോളർ (ആറു കോടിയിലധികം രൂപ) വരെ വരുന്ന സൂപ്പർ സമ്മാനങ്ങൾ. ഒപ്പം ഒരു ടെസ്‌ല മോഡൽ ത്രീ കാറും സ്വന്തം.

എത്തിക്കൽ ഹാക്കർമാർക്കായി നടത്തുന്ന Pwn2Own മൽസരത്തിലാണു ഈ സംഭവം. ചെറുതും വലുതുമായി പലവിധ ഹാക്കിങ് പരീക്ഷിക്കാം. കാറിന്റെ ഇൻഫോടെയ്ൻമെന്റ് സംവിധാനം ഹാക്ക് ചെയ്താൽ മാത്രം 35000 ഡോളർ സമ്മാനം. ഇനി ഓട്ടണമസ് കാറിന്റെ പ്രധാന ഭാഗങ്ങളായ ഗേറ്റ്‌വേ, ഓട്ടോപൈലറ്റ്, വിസിഎസ്ഇസി എന്നിവയാണെങ്കിൽ സമ്മാനം രണ്ടരലക്ഷം ഡോളർ വരെയാണ് ലഭിക്കുക. ഇത്തരത്തിൽ വിവിധ ഹാക്കുകളിലൂടെ 9 ലക്ഷം ഡോളർ വരെ നേടാം എന്ന് കമ്പനി പറയുന്നു.

ടെസ്‌ലയിലേക്കും പുറത്തേക്കുമുള്ള ഡേറ്റയുടെ ഒഴുക്കു നിയന്ത്രിക്കുന്ന ഭാഗമാണ് ഗേറ്റ്‌വേ,ഓട്ടോപൈലറ്റാണു കാറിനു സ്വയംഡ്രൈവിങ് ശേഷി നൽകുന്നത്. അലാം ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുന്ന സുരക്ഷാഭാഗമാണു വിസിഎസ്ഇസി.ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്നവർക്ക് മോഡൽ ത്രീയും സമ്മാനമായി കൊടുത്തുവിടും. ഈ വരുന്ന മാർച്ചിൽ കാന‍ഡയിലെ വാൻകൂവറിൽ നടക്കുന്ന കോൺഫറൻസിലാണു ഹാക്കിങ് മാമാങ്കം നടക്കുക. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല എങ്കിലും http://cansecwest.com എന്ന സൈറ്റിൽ താമസിയാതെ അപ്ഡേറ്റ് വരുമെന്നാണു പ്രതീക്ഷിക്കുന്നത്.

ലോകമെമ്പാടും ഐടി കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങൾക്കായി പലവിധ ഹാക്കിങ് മൽസരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓട്ടോ രംഗത്ത് ഈ ട്രെൻഡിനു തുടക്കമിട്ടത് ടെസ്‌‍ലയാണ് എന്നതാണ് പുതുമ. ലോകത്തെ പയറ്റിത്തെളിഞ്ഞ ഹാക്കർമാർക്കെല്ലാം ടെസ്‌ലയെ പൊളിച്ചടുക്കാൻ പെരുത്തിഷ്ടവുമാണ് എന്നത് ഈ മത്സരത്തെ കൊഴുപ്പിക്കുന്നു.

Share This News

Related posts

Leave a Comment