ജീവിത ചെലവിനൊപ്പം തന്നെ അയര്‍ലണ്ടിലെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വീടിനായും വാഹനത്തിനായും മറ്റും എടുക്കുന്ന മോര്‍ട്ട്ഗേജുകളുടെ പലിശ വര്‍ദ്ധനവ്. ഇതും പ്രതിമാസം നല്‍കേണ്ട തുകയായതിനാല്‍ പലിശ വര്‍ദ്ധിക്കുമ്പോഴും കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്. പണപ്പെരുപ്പത്തെ പിടിച്ചു കെട്ടാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തന്നെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് ഇതിന് പ്രധാന കാരണം.
ഇങ്ങനെ ബുദ്ധിമുട്ടുന്നവര്‍ക്കുവേണ്ടി സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതീക്ഷ നല്കുന്ന വാക്കുകളാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതും. മോര്‍ട്ട്ഗേജ് പലിശ നിരക്കില്‍ നട്ടം തിരിയുന്നവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യുന്ന കാര്യം സര്‍ക്കാര്‍ തള്ളി കളഞ്ഞിട്ടില്ലെന്നാണ് വരദ്ക്കര്‍ പറഞ്ഞത്. എന്നാല്‍ അമിത പ്രതീക്ഷ നല്കാന് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഡ്ജറ്റ് ചര്‍ച്ചകള്‍ നടക്കുന്ന സമയമായതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ഏറെ ഗൗരവമുണ്ട്. രാജ്യത്ത് മോര്‍ട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് 3.84 ല്‍ നിന്നും 4.04 ല്‍ എത്തിയിരുന്നു. ഇത്രയധികം വര്‍ദ്ധനവ് വന്നതോടെയാണ് ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ തന്നെ ചര്‍ച്ചയായി മാറുന്നത്.