വിന്റര്‍ വൈറസുകളുടേയും കോവിഡിന്റെയും വ്യാപനം അയര്‍ലണ്ടിലെ ആരോഗ്യ സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. ആശുപത്രികളില്‍ എത്തുന്നുണ്ടെങ്കിലും കിടത്തി ചികിത്സ ലഭിക്കാന്‍ കഴിയാതെ ബെഡുകള്‍ക്കായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ദി ഐറീഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്‌സ് ഓര്‍ഗനൈസേഷന്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം തന്നെ 497 പേരാണ് നിലവില്‍ ബെഡുകള്‍ക്കായി കാത്തു കഴിയുന്നത്.
രോഗികളുടെ തിരക്ക് നിമിത്തം പല ആശുപത്രികളും സുരക്ഷിതമായ ജോലി സ്ഥലങ്ങള്‍ അല്ലാതായി മാറിയിരിക്കുകയാണെന്നും എത്തുന്ന രോഗികള്‍ക്കെല്ലാം കൃത്യമായ ചികിത്സ നല്‍കുന്നതിലൂടെ മാത്രമെ ഇതിന് മാറ്റം വരുത്താന്‍ കഴിയുവെന്നും നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നു.
അയര്‍ലണ്ടില്‍ ഡോക്ടര്‍മാരുടെ കുറവ് ഉണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഐറീഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലി സമയം കൂട്ടുകയല്ല ഇതിന് പരിഹാരമെന്നായിരുന്നു അവര്‍ പറഞ്ഞത്. ആശുപത്രികളില്‍ ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാണ്.