ക്രിസ്മസ് ആഘോഷങ്ങള്‍ അതിന്റെ ഉച്ചസ്ഥായിലേയ്ക്ക് എത്തുകയാണ്. എന്നാല്‍ ക്രിസ്മസിനു ശേഷവും സന്തോഷവും ആഘോഷങ്ങളും ഇതുപോലെ നിലനില്‍ക്കണമെങ്കില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. കോവിഡ് ഉള്‍പ്പെടെ രോഗങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശം.
രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് നിര്‍ദ്ദേശം. രോഗം വ്യാപിക്കാതിരിക്കാന്‍ ഇവര്‍ ക്രിസ്മസ് പാര്‍ട്ടികളിലോ, കുടുംബയോഗങ്ങളിലോ ക്രിസ്മസ് ഈവ് ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്നും ഇവര്‍ പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ തീര്‍ച്ചയായും സാമൂഹ്യ സുരക്ഷയെ കരുതി മാസ്‌ക് ധരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
കോവിഡ് വാക്‌സിനോ ഫ്‌ളൂ വാക്‌സിനോ സ്വീകരിക്കാത്തവര്‍ ഉടന്‍ തന്നെ ആവശ്യമായ വാക്‌സിന്‍ സ്വീകരിക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെഡാ സ്‌മൈത്ത് പറഞ്ഞു.
ആയര്‍ലണ്ടില്‍ ഇപ്പോള്‍ മൂന്ന് വൈറസുകള്‍ ഒന്നിച്ചാണ് പടര്‍ന്നു പിടിക്കുന്നതെന്നാണ് എച്ച്എസ്ഇ യുടെ നിഗമനം. കോവിഡ് , RSV, ഇന്‍ഫ്‌ളുവന്‍സാ എന്നിവയാണ് പടരുന്നത്. RSV രോഗബാധിതരായി 250 കുട്ടികളാണ് ആശുപത്രികളില്‍ ഉള്ളത്. 600 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇന്‍ഫ്‌ളുവന്‍സാ ബാധിതരായി 300 പേരും ചികിത്സയിലുണ്ട്. ഇതേ തുടര്‍ന്നാണ് ക്രിസ്മസ് – ന്യൂഇയര്‍ കാലത്തെ ജാഗ്രതാ നിര്‍ദ്ദേശം.