അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ അയര്‍ലണ്ട് നോണ്‍ – ഇയു രാജ്യങ്ങളിലെ പൗരന്മാര്ക്ക് നല്കിയ വര്‍ക്ക് പെര്‍മിറ്റുകള്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം ലഭിച്ചത് ഇന്ത്യന്‍ പൗരന്മാര്ക്കാണ്. 10171 വര്‍ക്ക് പെര്‍മിറ്റുകളാണ് ഇന്ത്യന്‍ പൗരന്മാര്ക്ക് നല്‍കിയത്. 27653 വര്‍ക്ക് പെര്‍മിറ്റുകളാണ് ഈ കാലയളവില്‍ ആകെ നല്‍കിയത്.
ഐറിഷ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്റര്‍പ്രൈസ,് ട്രേഡ് ആന്‍ഡ് എംപ്ലോയ്മെന്റ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 13 വര്‍ഷത്തെ അപേക്ഷിച്ച് ഏററവും കൂടുതല്‍ അപേക്ഷകളാണ് ഈ വര്‍ഷം നോണ്‍ ഇയു രാജ്യങ്ങളില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിനായി ലഭിച്ചത്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചത് ബ്രസീലില്‍ നിന്നുള്ളവര്‍ക്കാണ് 3322 പെര്‍മിറ്റുകളാണ് ബ്രസീല്‍ പൗരന്മാര്ക്ക് ലഭിച്ചത്.
ഫിലിപ്പീന്‍സ് പൗരന്മാര്ക്ക് 1387 പെര്‍മിറ്റും പാകിസ്ഥാനികള്‍ക്ക് 1277 പെര്‍മിറ്റുകളും ലഭിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മോഖലയിലാണ് ഏറ്റവുമധികം പെര്‍മിറ്റുകള്‍ നല്‍കിയത്. രണ്ടാം സ്ഥാനത്ത് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സര്‍വ്വീസ് മേഖലയാണ് . 6609 വര്‍ക്ക് പെര്‍മിറ്റുകളാണ് ഈ മേഖലയില്‍ നല്‍കിയത്.