ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യാനുള്ളവര്‍ എയര്‍ പോര്‍ട്ടില്‍ എത്തേണ്ട സമയത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി മാറ്റം വരുത്തി. ദീര്‍ഘദൂര യാത്രക്കാര്‍ മൂന്നുമണിക്കൂറും ഹ്രസ്വദൂര യാത്രയ്ക്കുള്ളവര്‍ രണ്ട് മണിക്കൂറും മുമ്പ് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാകും
നേരത്തെ ഇത് യഥാക്രമം നാല് മണിക്കൂറും മൂന്ന് മണിക്കൂറുമായിരിക്കും. എയര്‍ പോര്‍ട്ട് നടപടികളില്‍ കാര്യമായ പുരോഗതിയുണ്ടായതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം. എന്നാല്‍ ചെക്ക് ഇന്‍ ലഗേജുള്ളവര്‍ അല്‍പം കൂടി നേരത്തെ എത്തണം. ഇത് പരമാവധി ഒരു മണിക്കൂറാണ്.
എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ അടക്കമുള്ള കാര്യങ്ങളില്‍ താമസം നേരിടുകയും തിരക്ക് വര്‍ദ്ധിക്കുകയും ചെയ്തതോടെ നിരവധി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത വിമാനം നഷ്ടപ്പെടുകയും ലഗേജുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടിലെ ചെക്ക് ഇന്‍ , സ്‌ക്രീനിംഗ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി എന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ് . മാത്രമല്ല ഒരു മണിക്കൂറോളം സമയലാഭവും ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്.