രാജ്യത്ത് ചൈല്‍ഡ് ബെനഫിറ്റ് ലഭിക്കുന്നവര്‍ക്ക് നിലവില്‍ ലഭിക്കുന്നതിന്റെ ഇരട്ടി തുക നല്‍കാന്‍ സര്‍ക്കാര്‍ ആലോചന. സര്‍ക്കാര്‍ തലത്തില്‍ ഏകദേശ ധാരണയായ പദ്ധതി ബഡ്ജറ്റ് ദിനത്തില്‍ പ്രഖ്യാപിച്ചേക്കും. ഇത് നടപ്പിലായാല്‍ നിലവില്‍ ഒരു കുട്ടിക്ക് 140 യൂറോ ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് 280 യൂറോയും രണ്ട് കുട്ടികള്‍ക്ക് 280 യൂറോ ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് 560 യൂറോയും ലഭിക്കും.
ഡിസംബറിലാകും ഈ തുക ലഭിക്കുക. ഒറ്റത്തവണ പേയ്‌മെന്റായാകും ഇരട്ടി തുക നല്‍കുക. ഡിസംബറിന് ശേഷമുള്ള മാസങ്ങളില്‍ സാധാരണ ലഭിക്കുന്ന പോലെ തന്നെയാകും ആനുകൂല്ല്യം ലഭിക്കുക. കോസ്റ്റ് ഓഫ് ലീവിംഗ് പാക്കേജിന്റെ ഭാഗമായാലും ഇത് പ്രഖ്യാപിക്കുക. സെപ്റ്റംബര്‍ 27 നാണ് ഈ വര്‍ഷത്തെ ബഡ്ജറ്റ് ദിനം. മൂന്നു കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് 840 യൂറോ ലഭിക്കും. ധനവകുപ്പ്, സാമൂഹ്യക്ഷേമ വകുപ്പ് , പൊതു ചെലവ് വകുപ്പ് എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
നികുതി വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായതിനാല്‍ ഇതുള്‍പ്പെടെ കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.