ബാക്ക് ടു സ്‌കൂള്‍ അലവന്‍സ് : വര്‍ദ്ധിപ്പിച്ച തുക അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യും

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസുകള്‍ , ചെരുപ്പ് എന്നിവ വാങ്ങാനായി സര്‍ക്കാര്‍ നല്‍കുന്ന ബാക്ക് ടു സ്‌കൂള്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്തയാഴ്ച മുതല്‍ വര്‍ദ്ധിപ്പിച്ച തുക നല്‍കി തുടങ്ങുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി അറിയിച്ചു. അടുത്ത മാസം മുതല്‍ ഇത് നല്‍കി തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

84 മില്ല്യണ്‍ മുടക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ സ്‌കീമില്‍ 1,51,000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. 4 മുതല്‍ 11 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 160 ല്‍ നിന്നും 260 യൂറോ ആയും 11 വയസ്സിന് മുകളിലേയ്ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 285 ല്‍ നിന്നും 385 യൂറോ ആയുമാണ് അലവന്‍സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

സാധാരണ നിലയിലുള്ള അലവന്‍സ് ഇന്നലെ മുതല്‍ നല്‍കി തുടങ്ങി. വര്‍ദ്ധിപ്പിച്ച 100 യൂറോ അടുത്തയാഴ്ച മുതല്‍ അക്കൗണ്ടുകളില്‍ വന്നു തുടങ്ങും. യുക്രൈനില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയ രക്ഷിതാക്കളുടെ കുട്ടികള്‍ക്കും ഈ അലവന്‍സ് ലഭിക്കും. നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ളവര്‍ക്കും മറ്റ് സാമൂഹ്യ സുരക്ഷാ സഹായങ്ങള്‍ ലഭിക്കുന്നവര്‍ക്കുമാണ് ബാക്ക് ടു സ്‌കൂള്‍ അലവന്‍സ് ലഭിക്കാന്‍ അര്‍ഹതയുള്ളത്.

Share This News

Related posts

Leave a Comment