രാജ്യത്ത് പണപ്പെരുപ്പവും ജീവിത ചെലവും കുതിച്ചുയരുമ്പോള്‍ പിടിച്ചു നില്ക്കാന് ശമ്പള വര്‍ദ്ധനവ് വേണമെന്ന ആവശ്യം ഉയര്‍ത്താനൊരുങ്ങുകയാണ് അധ്യാപകരും. അധ്യാപക സംഘടനയായ Irish National Teachers’ Organisation (INTO) ആണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
സംഘടനയുടെ ഈസ്റ്റര്‍ സമ്മേളനം ഇപ്പോള്‍ നടക്കുകയാണ് . ഇതിനിടെയാണ് ഈ വിഷയവും ഗൗരവമായി ചര്‍ച്ച ചെയ്യുന്നത്. പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്നും പണപ്പെരുപ്പത്തിനാനുപാതികമായ ശമ്പള വര്‍ദ്ധനവ് വേണമെന്നുമാണ് ഇവരുടെ ആവശ്യം.
രാജ്യത്തെ പണപ്പെരുപ്പം 6.5 ശതമാനത്തിലേയ്ക്ക് ഉടന്‍ എത്തുമെന്നും എന്നാല്‍ അതിനനുപാതികമായി ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് സാമ്പത്തീക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നുമാണ് സെന്‍ട്രല്‍ ബാങ്ക് പറഞ്ഞത്. എന്നിരുന്നാലും അധ്യാപക സംഘടനകള്‍ തങ്ങളുടെ ആവശ്യം സര്‍ക്കാരിന് മുന്നില്‍ അതിശക്തമായി തന്നെ ഉന്നയിക്കാനാണ് തീരുമാനം.