രാജ്യത്ത് വീടുകള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അത്ര ശുഭകരമായ വാര്‍ത്തകളല്ല പുറത്ത് വരുന്നത്. വീടുകളുടെ വില ഉയര്‍ന്നു നില്‍ക്കുകയാണ്. വില ഉടനെ കുറയാന്‍ സാധ്യതയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഒറ്റയടിക്ക് വീടുകളുടെ വില കുറയ്ക്കാന്‍ കഴിയുന്ന ‘ സില്‍വര്‍ ബുള്ളറ്റ് ‘ സര്‍ക്കാരിന്റെ കൈവശമില്ലെന്ന് ഹൗസിംഗ് മന്ത്രി ഡാരഗ് ഒബ്രിയാന്‍ പറഞ്ഞു.
വീടുകളുടെ ലഭ്യത ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും എന്നാല്‍ ഇതുകൊണ്ട് മാത്രം വില പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബംറില്‍ അവസാനിച്ച വര്‍ഷത്തില്‍ 30,724 വീടുകളുടെ നിര്‍മ്മാണം പുതുതായി ആരംഭിച്ചിട്ടുണ്ട്. 39000 എണ്ണത്തിലധികമാണ് പ്ലാനിംഗ് പെര്‍മിഷന്‍ നല്‍കിയിരിക്കുന്നത്.
ഒരു വര്‍ഷം 40,000 പുതിയ വീടുകളാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിന് പത്ത് ബില്ല്യണ്‍ യൂറോ ആവശ്യമായി വരുമെന്നും നിലവില്‍ സ്വകാര്യമേഖലയില്‍ ആറ് ബില്ല്യണ്‍ യൂറോയുടെ ഫണ്ടിംഗ് ഉണ്ടെന്നും ബാക്കി വരുന്ന നാല് ബില്ല്യണ്‍ യൂറോ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു വരുകയാണ്. ഇപ്പോള്‍ വാസയോഗ്യമല്ലാത്ത പഴയ വീടുകള്‍ വാങ്ങി നവീകരിക്കാന്‍ സഹായം നല്‍കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. മാത്രമല്ല നിലവില്‍ ഉപയോഗശൂന്യമായ പബ്ബുകള്‍ പ്രത്യേക അനുമതിയില്ലാതെ തന്നെ വീടുകളാക്കി മാറ്റുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
എന്നാല്‍ ലഭ്യത കൂട്ടിയത് കൊണ്ട് മാത്രം വില കുറയില്ലെന്ന മന്ത്രിയുടെ പ്രസ്താവന വില കുറയാന്‍ ഇനിയും സമയമെടുക്കുമെന്നതിന്റെ സൂചനയാണ്.