അയര്‍ലണ്ടിലെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം അയര്‍ലണ്ടില്‍ വന്നിറങ്ങുന്നവരെല്ലാം പിസിആര്‍ ടെസ്റ്റിന് വിധേയമാകണമെന്നാണ് നിബന്ധന. ഇല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണം. എന്നാല്‍ ഇതിന് തയ്യാറാകാത്ത യാത്രക്കാരും ഉണ്ടെന്നതാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇക്കഴിഞ്ഞ ദിവസം ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കാന്‍ സാധിക്കാതിരിക്കുകയോ അല്ലെങ്കില്‍ ടെസ്റ്റ് നടത്താന്‍ വിമുഖത കാട്ടുകയോ ചെയ്ത 100 പേരെയാണ് നിയമനടപടികള്‍ക്കായി പോലീസിന് വിവരങ്ങള്‍ കൈമാറിയത്.
കേവിഡ് ആ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ നിയന്ത്രണങ്ങള്‍ ജനുവരി ദീര്‍ഘിപ്പിക്കണ്ടി വരുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ക്രിസ്മസ് അടക്കം ആഘോഷാവസരങ്ങളിലെ ഒത്തു ചേരലുകളില്‍ കടുത്ത നിയന്ത്രണം പാലിക്കണമെന്നും ഓരോരുത്തരും ഈ മഹാമാരിയെ നേരിടുന്നതില്‍ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം മറക്കരുതെന്നുമാണ് സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശം.
ബൂസ്റ്റര്‍ ഡോസ് എത്രയും വേഗം എല്ലാവരിലേയ്ക്കും എത്തിക്കണമെന്ന സമ്മര്‍ദ്ദമാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ സര്‍ക്കാരിന് മേല്‍ ചെലുത്തുന്നത്. 500 ല്‍ താഴെവരെയെത്തിയ പ്രതിദിന കേസുകളാണ് ഇപ്പോള്‍ 5000 ത്തിന് മുകളില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4252 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 543 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 118 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.