അയര്‍ലണ്ടിലെ സ്കൂളുകളില്‍ ആന്റിജന്‍ ടെസ്റ്റിംഗ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ആരോഗ്യവകുപ്പിനും ഇതു സംബനധിച്ചുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ ആഴ്ച തന്നെ നല്‍കുമെന്നും അവര്‍ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് സ്കൂളുകളില്‍ ഉണ്ടാകുന്ന അധ്യാപക ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുത്തതായും അവര്‍ പറഞ്ഞു.
ഇപ്പോള്‍ ഏകദേശം 680 അധ്യാപകര്‍ പകരക്കാരായി സ്കൂളുകളില്‍ പോകാന്‍ തയ്യാറായിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ പേരെ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ റിട്ടയറാകുന്ന അധ്യാപകര്‍ക്ക് സ്കൂള്‍ വര്‍ഷത്തിന്റെ അവസാനം വരെ തുടരാന്‍ സാധിക്കുമെന്നും ഇതിന് മറ്റ് യാതൊരു നടപടിക്രമങ്ങളുടേയും ആവശ്യമില്ലെന്നും ഇവരുടെ പെന്‍ഷനെയൊ മറ്റ് ആനുകൂല്ല്യങ്ങളെയൊ ഇത് ബാധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി നോര്‍മാ ഫോളി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളുകള്‍ക്ക് നല്‍കിയതായും വളരെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാവരുടേയും സഹകരണവും ജാഗ്രതയും കുട്ടികളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും നോര്‍മാ ഫോളി പറഞ്ഞു.