2020 ജനുവരി ഒന്ന് മുതൽ അയർലണ്ടിലെ എം‌പ്ലോയ്‌മെന്റ് പെർമിറ്റിൽ മാറ്റങ്ങൾ വരുന്നു

അയർലണ്ടിലെ എം‌പ്ലോയ്‌മെന്റ് പെർമിറ്റ് സിസ്റ്റത്തിൽ 2020 ജനുവരി ഒന്ന് മുതൽ ചില മാറ്റങ്ങൾ വരുന്നു. ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റിനായി പ്രതിഫല പരിധിയിൽ മാറ്റങ്ങൾ ഉണ്ടാകും എന്നതാണ് പ്രധാന മാറ്റം. നിലവിലെ മിനിമം വേതന പരിധി പ്രതിവർഷം 30,000 യൂറോയിൽ നിന്ന് 32,000 യൂറോയായി ഉയരും.

നിലവിലെ നിയമപ്രകാരം യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുനിന്നും (Non EEA) ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യണമെങ്കിൽ മിനിമം രണ്ട് ആഴ്ചക്കാലം യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്കുള്ളിൽ (EEA) ജോലി വിവരങ്ങൾ പരസ്യപ്പെടുത്തിയതിനുശേഷം യോഗ്യരായവരെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മാത്രമേ Non EEA ആൾക്കാരെ റിക്രൂട്ട് ചെയ്യാൻ സാധിക്കൂ. എന്നാൽ 2020 ജനുവരി ഒന്ന് മുതൽ രണ്ട് ആഴ്ച എന്നുള്ളത് നാല് ആഴ്ച്ചയാക്കും. ഒരു ഇ‌ഇ‌എ ഇതര പൗരനെ നിയമിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തൊഴിലുടമകൾ ഇ‌ഇ‌എ തൊഴിൽ വിപണി വേണ്ടത്ര പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്.

2019 ഡിസംബർ 31 വരെ സമർപ്പിക്കുന്ന ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റിനായുള്ള അപേക്ഷകരുടെ മിനിമം വേതന പരിധിയിൽ മാറ്റമില്ല. ഇത് 30,000 യൂറോയായി തന്നെ തുടരും. എന്നാൽ 2020 ജനുവരി ഒന്ന് മുതൽ സമർപ്പിക്കുന്ന അപേക്ഷകരുടെ മിനിമം വാർഷിക വേതനം 32,000 യൂറോയായിരിക്കണം എന്ന് നിബന്ധനയുണ്ട്.

അതിനാൽ ഹോട്ടൽ വെയ്റ്റർ, ക്ലീനർ, ഹൗസ് കീപ്പിങ് തുടങ്ങിയ ജോലി ഓഫർ പറഞ്ഞുകൊണ്ട് ആരെങ്കിലും വാഗ്ദാനങ്ങളുമായി സമീപിച്ചാൽ അത് ശുദ്ധ തട്ടിപ്പാണ് എന്ന് തിരിച്ചറിയണം.

അയർലണ്ടിലേയ്ക്കുള്ള വിവിധ ജോലികൾക്ക് വർക്ക് പെർമിറ്റ് കിട്ടണമെങ്കിൽ ആ പ്രത്യേക ജോലി/പ്രൊഫെഷൻ Critical Skills Occupations List-ൽ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഈ ലിസ്റ്റിൽ ഇല്ലാത്ത ജോലികൾക്ക് വർക്ക് പെർമിറ്റ് ലഭിക്കുകയില്ല. 2019 ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ ഉള്ള ഏറ്റവും ലേറ്റസ്റ്റ് ആയ Critical Skills Occupations List കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share This News

Related posts

Leave a Comment