അയർലണ്ടിലെ ഇന്ത്യക്കാരുടെ മദ്യപാനശീലം കുറയ്ക്കാൻ HSE ഒരുങ്ങുന്നു

അയർലണ്ടിൽ കുടിയേറിയ പലരിലും മദ്യപാനം ഒരു ശീലം ആയി മാറി എന്ന് പഠനങ്ങൾ പറയുന്നു. പ്രേത്യേകിച്ച് ഇന്ത്യക്കാരുടെ ഇടയിൽ. ഇത് മലയാളികളായ നമ്മുടെ ഇടയിലും മോശമല്ല. അതുകൊണ്ട് മദ്യപാനത്തിന്റെ ദോഷവശങ്ങൾ പറഞ്ഞു തരാനും അതിൽ നിന്നും മോചനം നേടാനുമുള്ള വഴികൾ തുറന്നു കാണിക്കാൻ HSE മുൻകൈയെടുക്കാൻ തയ്യാറാകുന്നു. ഇതിനായി ഒരു പുതിയ ടീമിനെ HSE നമ്മുടെ ആളുകളെ കൂടി ചേർത്ത് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.

പോളിഷ്‌കാർക്ക് വേണ്ടി ഈ വിധത്തിലുള്ള പദ്ധതി നിലവിൽ HSE നടത്തിവരുന്നുണ്ട്. ഡീഅഡിക്ഷൻ സെമിനാറുകളും മറ്റും നടത്താനാണ് പ്ലാൻ. നമ്മുടെ ഇടയിൽ പലരും നാണക്കേട് ഭയന്നാണ് ഇക്കാര്യങ്ങൾ ആരോടും പറയാത്തത്. ഇങ്ങനെയൊരു പദ്ധതി മലയാളികൾക്ക് വളരെ പ്രയോജനപ്പെടുന്ന ഒന്നായി മാറുക തന്നെ ചെയ്യും. മലയാളികളായ നമ്മുടെ പല സ്ത്രീകളും തങ്ങളുടെ കുടുംബത്തിലെ ഈ ഒരു പ്രശ്‍നം പുറത്തു പറയാൻ മടിക്കുകയാണ് ഇപ്പോൾ. എന്നാൽ ഈ പദ്ധതി വരുന്നതോടുകൂടി അവർക്ക് ഇതൊരു വലിയ ആശ്വാസം തന്നെയാകും.

നാട്ടിൽ നിന്ന് അയർലണ്ടിലേക്ക് കുടിയേറിയ പലരും ഒരു വർഷം അകത്താക്കുന്ന മദ്യത്തിന്റെ അളവ് അവർ നാട്ടിൽ ഉപയോഗിച്ചിരുന്നതിനേക്കാൾ ധാരാളം കൂടുതലാണെന്നാണ് പഠനം പറയുന്നത്. മലയാളികളാണ് ഇതിൽ മുൻപന്തിയിൽ. മികച്ച ജീവിത സാഹചര്യം ഇതിനൊരു കാരണമായും പറയുന്നു. കൂടാതെ, കൂടുതൽ അടുപ്പമുള്ള സൗഹൃദവലയങ്ങളും, അടിക്കടിയുള്ള പാർട്ടികളും ഇതിന് കൂടുതൽ വേദിയൊരുക്കുന്നതായി പഠനം പറയുന്നു.

പാർട്ടികളും സൗഹൃദവലയങ്ങളും നമ്മുടെ ചില സ്ത്രീകളെ പോലും മദ്യം ഉപയോഗിക്കാൻ കാരണമായിട്ടുണ്ട്. വൈനിൽ ആണ് തുടക്കം എന്ന് മാത്രം. വൈൻ നല്ലതാണ്. എന്നാൽ അമിതമായാൽ അമൃതും വിഷമാണെന്നാണല്ലോ.

മദ്യം ഒരു മയക്കു മരുന്നാണ്. ഇത് മനസ്സിനെയും മാനസികപ്രക്രിയകളെയും ബാധിക്കുന്ന ഒന്നാണ്. മനുഷ്യമനസ്സിനെ ഉറക്കിക്കളയുന്ന വിഷമാണ് മദ്യം എന്ന് ഈ പഠനം പറയുന്നു.

പ്രധാന ദൂഷ്യങ്ങൾ

അപകടങ്ങൾ: മുറിവേൽപ്പിക്കൽ അല്ലെങ്കിൽ കൊല്ലപ്പെടാനുള്ള സാധ്യതലൈംഗിക ജീവിതവും ഫെർട്ടിലിറ്റിയും: മദ്യപാനം ലൈംഗികാഭിലാഷം ഉയർത്താം, പക്ഷേ അത് സന്തോഷവും പ്രവർത്തനവും കുറയ്ക്കുകയും ദീർഘകാല പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
പ്രായാധിക്യ രോഗങ്ങൾ: നിങ്ങളുടെ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞതും ക്രമമുള്ളതാണെങ്കിൽ കൂടെയും പ്രായമാകുമ്പോൾ പല പ്രശ്നങ്ങൾക്കും ഇത് കാരണമാകും.
വിഷാദം: മദ്യപാനം ഒരു മരുന്നാണ്. തലച്ചോറിൽ രാസവസ്തുക്കളുടെ സന്തുലനാവസ്ഥ ഇത് തെറ്റിക്കും. ഇത് വിഷാദരോഗം ഉണ്ടാക്കുന്നതിനോ അല്ലെങ്കിൽ കൂടുതൽ വഷളാക്കുന്നതിനോ കാരണമാക്കും.

അമിതഭാരം കൂട്ടുന്നു
ഒരു ഗ്ലാസ് ബിയർ കുടിക്കുന്നത് ഒരു സ്ലൈസ് പെപ്പറോണി പിസ്സ കഴിക്കുന്നതിനു തുല്യമാണ്.

മദ്യവും നിങ്ങളുടെ കുടുംബവും

അയർലണ്ടിലെ ആയിരക്കണക്കിന് കുട്ടികളും പ്രായപൂർത്തിയായവരും മറ്റാരുടെയെങ്കിലും ദോഷകരമായ മദ്യപാനത്തിന്റെ ഫലങ്ങളുമായി ജീവിക്കുന്നവരാണ്. ഓരോരുത്തരും തങ്ങളുടേതായ രീതിയിൽ പ്രതികരിക്കുന്നു. എന്നാൽ ഫലം കാണാതെ വരുമ്പോൾ സഹിക്കുന്നു എന്നുള്ളതാണ് സത്യം.

കുട്ടികളിലും യുവജനങ്ങളിലും മദ്യപാനം ഉണ്ടാകുന്ന ദോഷങ്ങളെ അദൃശ്യമായ ദോഷങ്ങൾ (hidden harm) എന്ന് വിളിക്കുന്നു. പലരും ഇതിനെപറ്റി സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് സത്യം. സമൂഹത്തിലെ നാണക്കേട് തന്നെയാണ് കാരണം. പുറത്തു നിന്ന് നോക്കിയാൽ സന്തോഷകരമെന്ന് തോന്നുന്ന പല കുടുംബങ്ങളും ഇന്ന് മദ്യം മൂലം പല പ്രശ്നങ്ങളും നേരിടുന്നുണ്ട്.


കുട്ടികളെ എങ്ങനെ ബാധിക്കുന്നു ?

കുട്ടികളിൽ ഹാനികരമായ മദ്യപാനത്തിൻറെ പ്രഭാവം സൃഷ്ടിക്കുന്ന ദൂഷ്യങ്ങൾ ഇവയാണ്.

– വൈകാരിക പ്രശ്നങ്ങൾ, ഉപദ്രവങ്ങൾ, നാണക്കേട്
– ചിട്ടയില്ലായ്‌മ, അനുസരണം ഇല്ലായ്‌മ
– ശുദ്ധമായ വസ്ത്രങ്ങൾ, നല്ല ഭക്ഷണം, ആരോഗ്യപരിരക്ഷ തുടങ്ങിയവയുടെ അഭാവം
– മുതിർന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതിരിക്കുക
– പ്രശ്നങ്ങളിൽ ചെന്ന് ചാടുക
– പ്രതീക്ഷയ്ക്ക് വിപരീതമായി വളരുക
– തകർന്ന വാഗ്ദാനങ്ങളും വിശ്വാസ്യതയും
– വൈകാരിക പ്രശ്നങ്ങൾ
– അവഗണിക്കൽ അല്ലെങ്കിൽ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ

മദ്യവും ഡ്രൈവിംഗും

മദ്യപാനം വളരെ കുറഞ്ഞ അളവിൽ ആണെങ്കിൽ പോലും ഡ്രൈവ് ചെയ്യാനുള്ള നമ്മുടെ കഴിവിനെ മദ്യം ബാധിക്കുന്നു. മദ്യപാനം നമ്മുടെ കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്നു. ഇത് താഴെപറയുന്നവയെ ബാധിക്കുന്നു.

– പ്രതികരണ സമയം
– ഏകോപനം
– ശ്രദ്ധ
– തീരുമാനം എടുക്കാനുള്ള കഴിവ്
– കാഴ്ച

മദ്യപാനം മൂലമുള്ള ഏഴിലൊന്ന് അപകടം നടക്കുന്നത് രാവിലെ ആറുമണിക്കും ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കും ഇടയിലാണ് എന്ന് കൂടി മനസിലാക്കുന്നത് നന്നായിരിക്കും. ഇതിന്റെ അർത്ഥം, തലേ ദിവസം രാത്രി കുടിച്ചിട്ട് ഉറങ്ങിയാലും പിറ്റേന്ന് ഉച്ചവരെ മദ്യത്തിന്റെ ലഹരി നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടെന്നാണ്.

മദ്യവും അയർലണ്ടും

– അയർലണ്ടിൽ ഓരോ വർഷവും മദ്യം മൂലം ആയിരത്തിലധികം മരണങ്ങൾ. അതായത്, ഒരു ദിവസം 3 മരണം
– അയർലണ്ടിൽ 15-39 ഇടയിൽ വയസുള്ളവരിൽ നാലിലൊന്നു പേരുടെയും മരണകാരണം മദ്യപാനമാണ്.
– അയർലൻഡിൽ 15-34 പ്രായമുള്ളവരിൽ കരൾ രോഗം വർധിച്ചുവരികയാണ്.
– അയർലൻഡിൽ പ്രതിവർഷം 900 പേർക്ക് മദ്യപാനം മൂലം അർബുദം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ 500 പേർ മരണത്തിനിടയാകുന്നു.
– മസ്തിഷ്ക മരണത്തിന് കാരണമാകുന്നു.
– അയർലണ്ടിലെ ആത്മഹത്യകളുടെ പകുതിയും മദ്യപാനം മൂലമാണ്
– ഐറിഷ് റോഡുകളിൽ 5 മരണങ്ങളിൽ രണ്ടും മദ്യപിച്ചുള്ള ഡ്രൈവിംഗ് കാരണമാണ്.
– പ്രതിദിനം 1,500 ആശുപത്രി കിടക്കകളാണ് മദ്യപാന പ്രശ്നവുമായി ബന്ധപ്പെട്ട് അഡ്‌മിറ്റാവുന്നത്.

 

ഇതിനൊക്കെ പരിഹാരം കാണാനാണ് പുതിയ പദ്ധതിയുമായി HSE വരുന്നത്. ഇന്ത്യക്കാരുമായി കൈകോർത്തും, ഇന്ത്യക്കാരുടെ പല സംഘടനകളുമായി കൈകോർത്തുമാണ് ഈ പദ്ധതി ആവിഷ്‌ക്കരിക്കാൻ പോകുന്നത്. ഉടൻതന്നെ ഇതിന്റെ കൂടുതൽ വിവരങ്ങൾ HSE വെളിപ്പെടുത്തും.

Share This News

Related posts

Leave a Comment