കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷനെ ഒരു വിധത്തിലും ബാധിക്കാന്‍ അനുവദിക്കില്ലെന്ന് അയര്‍ലണ്ട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എച്ച്എസ്ഇ വക്താവ് പോള്‍ റീഡാണ് ഇക്കാര്യം പറഞ്ഞത്. 40 മുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷനുള്ള വെബ് സൈറ്റ് അടുത്തയാഴ്ച തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ 50 മുതല്‍ 69 വയസ്സ് വരെയുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്തായഴ്ച 260,000 മുതല്‍ 280,000 വരെ ഡോസുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം തന്നെ 1.5 മില്ല്യണ്‍ ആദ്യ ഡോസ് വാക്‌സിനുകള്‍ നല്‍കി കഴിഞ്ഞു.
എച്ച് എസ് ഇ സിസ്റ്റത്തിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ചെറിയ കാലതാമസമുണ്ടായെങ്കിലും രാജ്യമാകമാനമുള്ള എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേയ്ക്കും ഇപ്പോളും രജിസ്‌ട്രേഷന്‍ തുടരുകയാണെന്നും നഷ്ട്ടപ്പെട്ട വിവരങ്ങള്‍ തിരികെ എത്തിക്കാനും വാക്‌സിനേഷനില്‍ തടസ്സങ്ങളുണ്ടാകാതിരിക്കാനും കഠിന പരിശ്രമമാണ് എച്ച്എസ്ഇ നടത്തിക്കൊണ്ടിരിക്കുന്നതെന്നും പോള്‍ റീഡ് കൂട്ടിച്ചേര്‍ത്തു.