സീസണൽ ക്ലോക്ക് മാറ്റങ്ങൾ അവസാനിപ്പിക്കാനുള്ള യൂറോപ്യൻ യൂണിയൻ പദ്ധതിയെ സർക്കാർ എതിർക്കുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ചചെയ്യാനൊരുങ്ങുന്നു. സ്ഥിരമായ വേനൽക്കാലമോ ശൈത്യകാലമോ തിരഞ്ഞെടുക്കാനും വർഷത്തിൽ രണ്ടുതവണ ക്ലോക്ക് മാറ്റങ്ങൾ അവസാനിപ്പിക്കാനുമുള്ള പദ്ധതിയെപ്പറ്റിയുള്ള അതാത് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ തീരുമാനം ഈ വർഷം യൂറോപ്യൻ കമ്മീഷനെ അറിയിക്കണം.
രണ്ട് കാരണങ്ങളാൽ ഈ നിർദ്ദേശം നിരസിക്കാൻ ജസ്റ്റിസ് മന്ത്രി ചാർലി ഫ്ലാനഗൻ സർക്കാരിനോട് ആവശ്യപ്പെടും. ഒന്നാമത്തേത്, അയർലൻഡ് ദ്വീപിലെ വ്യത്യസ്ത സമയ മേഖലകളിൽ കലാശിച്ചേക്കാവുന്ന ഒരു നീക്കത്തെയും അംഗീകരിക്കാൻ കഴിയില്ല എന്നതാണ്. ഈ മാറ്റം യൂറോപ്യൻ യൂണിയനിലുടനീളം സമയമേഖലകളുടെ ‘പാച്ച് വർക്കി’ലേയ്ക്ക് നയിച്ചേക്കാമെന്ന ഭയമാണ് രണ്ടാമത്തെ കാരണമായി അയർലണ്ട് കണക്കാക്കുന്നത്.
നിലവിലെ സമ്പ്രദായത്തിൽ, കിഴക്ക് മുതൽ പടിഞ്ഞാറ് വരെ ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ചാണ് സമയ മേഖലകൾ നിർണ്ണയിക്കുന്നത്. സമാന അക്ഷാംശത്തിലുള്ള അംഗരാജ്യങ്ങൾക്ക് വ്യത്യസ്ത സമയങ്ങൾ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന പദ്ധതി ഒരൊറ്റ കമ്പോളത്തിൽ അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് സർക്കാരിനെ ആശങ്കപ്പെടുത്തുന്നു.
ശൈത്യകാലത്ത് ആളുകൾ പൊതുവെ തിളക്കമുള്ള സായാഹ്നങ്ങളെ ഇഷ്ടപ്പെടുമെന്ന് സർവ്വേ കണ്ടെത്തി. എന്നിരുന്നാലും, സർവേയിൽ പങ്കെടുത്ത 80% ത്തിലധികം പേരും ദ്വീപിൽ വ്യത്യസ്ത സമയ മേഖലകൾ സൃഷ്ടിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കില്ല. കൂടാതെ, കൃഷി, വിദ്യാഭ്യാസം, ഗതാഗത ഷെഡ്യൂളുകൾ എന്നിവയിലും ആശങ്ക ഉയർത്തി. യുകെയും ഈ നടപടിയെ എതിർക്കുന്നതായാണ് അറിയുന്നത്. 1916 മുതൽ അയർലൻഡും യുകെയും ഒരേ ക്ലോക്ക് സമയമാണ് പങ്കിട്ടുപോരുന്നത്.