സാമൂഹിക മാധ്യമങ്ങളിൽ തരംഗമായ ജറുസലെമ ചലഞ്ച് ഏറ്റെടുത്തു കോർക്കിലെ ഇന്ത്യൻ നഴ്സസ് കൂട്ടായ്മ. അയർലണ്ടിലെ കോർക്ക് കൗണ്ടിയിലെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും പ്രവർത്തിക്കുന്ന ഇന്ത്യൻ നഴ്സുമാരുടെ സാംസ്കാരിക സംഘടനയായ COINNS- കോർക്ക് ഇന്ത്യൻ നഴ്സുമാരാണ് ഈ മികച്ച ദൃശ്യ വിരുന്നു ഒരുക്കിയത് . യഥാർത്ഥ ജറുസലേം നൃത്ത ചുവടുകൾക്കൊപ്പം ഇന്ത്യയിലെ വിവിധ നൃത്തരൂപങ്ങൾ കോർത്തിണക്കിയ ഈ ദൃശ്യ സാക്ഷാത്കാരം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വലിയ അംഗീകാരം നേടിക്കഴിഞ്ഞു. കോവിഡ് സാമൂഹിക വ്യാപനം തുടരുന്ന സാഹചര്യത്തിൽ , സുരക്ഷിതമായി അതിജീവിക്കുവാനും , സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവ് വിദൂരമല്ല എന്ന സന്ദേശം നൽകുവാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നതായി സംഘാടകർ അറിയിച്ചു.
പൊതു ജനങ്ങളും കോവിഡ് മുൻ നിര ജീവനക്കാരും അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിന് അല്പം എങ്കിലും അയവു വരുത്തുവാനും, മനസിന് കുളിർമ പകരുവാനും ഈ നൃത്ത ചുവടുകൾക്കു സാധ്യമാകും എന്ന് കോർക്ക് ഇന്ത്യൻ നഴ്സസ് പ്രതീക്ഷിക്കുന്നു. കോർക്ക് കൗണ്ടിയുടെ സൗന്ദര്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നതായി അവർ അറിയിച്ചു . COVID -19 ന്റെ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടർന്ന് വിവിധ ഗ്രൂപ്പുകളിലായി നിരവധി നഴ്സുമാർ ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
.