രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വാക്‌സിനേഷനില്‍ വന്‍ മുന്നേറ്റം നടത്താനൊരുങ്ങി അയര്‍ലണ്ട്. ഇതുവരെ കൃത്യമായ പ്ലാനിംഗോടുകൂടി നടത്തിയ വാക്‌സിനേഷന്‍ വിജയകരമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഓരോ ദിവസവും നല്‍കുന്ന ഡോസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തുവാന്‍ ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. ഇപ്പോള്‍ നടന്നുകൗണ്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം ആഴ്ചയില്‍ 300,000 ഡോസ് വാക്‌സിനുകളാണ് നല്‍കുന്നത്. ഇത് ശരാശരി നിരക്കില്‍ മുന്നോട്ട് പോകുന്നുണ്ട്.
അടുത്തയാഴ്ച കൂടി മൂന്ന് ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. എന്നാല്‍ ജൂണ്‍ മാസം മുതല്‍ നാല് ലക്ഷം ഡോസുകള്‍ ഒരാഴ്ച നല്‍കാനാണ് പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ഉടന്‍ നടത്തും. ഇതുവരെയുള്ള വാക്‌സിനേഷന്‍ വിവരങ്ങളും പ്രധാനമന്ത്രി വെളിപ്പെടുത്തും. ഏകദേശം രണ്ടര മില്ല്യന്‍ ആളുകളിലേയ്ക്ക് ഇതുവരെ വാക്‌സിന്‍ എത്തിക്കാന്‍ സാധിച്ചിട്ടുള്ളതായാണ് വിവരം. എന്നാല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ കപ്യൂട്ടറുകളില്‍ സൈബര്‍ ആക്രമണം നടന്ന സാഹചര്യത്തിലാണ് കൃത്യമായ കണക്കുകള്‍ക്കായി കാത്തിരിക്കുന്നത്.
പ്രതീക്ഷിച്ചതിലധികം വേഗത്തിലാണ് ഇപ്പോള്‍ വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരാഴചയില്‍ നാല് ലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള സംവിധാനങ്ങളുണ്ടെങ്കിലും വാക്‌സിന്റെ ലഭ്യതയും കൂടി കണക്കിലെടുത്താണ് ലക്ഷ്യം നാല് ലക്ഷത്തില്‍ പരിമിതപ്പെടുത്തിയത്. ജൂണ്‍ അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനം ആളുകളിലേയ്ക്ക് ആദ്യ ഡോസെങ്കിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. 40-45 പ്രയപരിധിയിലുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ അടുത്തയാഴ്ച ആരംഭിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.