കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും തടസ്സമില്ലാത്ത വിദേശയാത്രകള്‍ക്ക് സൗകര്യമൊരുക്കുന്ന യൂറോപ്പ് ട്രാവല്‍ സര്‍ട്ടിഫിക്കറ്റിനുള്ള നടപടികള്‍ ആരംഭിച്ചു. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. നിലവിലെ കണക്കുകളനുസരിച്ച് ഏകദേശം 25 ലക്ഷത്തോളം ആളുകള്‍ക്ക് യാത്രാനുമതി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിനായുള്ള ലക്ഷക്കണക്കിന് അപേക്ഷകളാണ് ഇപ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്നത്. അപേക്ഷകളുടെ സൂക്ഷമ പരിശോധന നടത്തിയതിന് ശേഷമാണ് അര്‍ഹരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
മൂന്ന് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഇപ്പോള്‍ യാത്രാനുമതി നല്‍കുന്നത്.രണ്ട്ഡോസ് വാക്സിനും എടുത്ത ആളുകള്‍ക്കാണ് ആദ്യ പരിഗണന. വാക്സിന്‍പോര്‍ട്ടല്‍ വഴി അപേക്ഷിച്ച പത്ത് ലക്ഷത്തിലധികം ആളുകളുടെ ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് ഇതിനകം അനുമതിയായിട്ടുണ്ട്. കോവിഡ് രോഗം വന്നുപോയവരും ട്രാവല്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരാണ്. ഈ രണ്ടു വിഭാഗങ്ങളിലും പെടാത്തവര്‍ക്ക് യാത്രാനുമതി ലഭിക്കണമെങ്കില്‍ ഇവര്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ പൊതുവായുള്ള തീരുമാനപ്രകാരമാണ് യൂറോപ്പ് ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതുവഴി അനുമതി ലഭിക്കുന്നവര്‍ക്ക് 2021 സമ്മര്‍ സീസണ് മുതല്‍ യൂറോപ്പിലെവിടെയും നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാം. ഇത് ടൂറിസം മേഖലയ്ക്കടക്കം ഉണര്‍വ് നല്‍കും എന്ന പൊതുവായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്പ് ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് എന്ന ആശയം നടപ്പിലാക്കിയത്.