മൂറോൻ കൂദാശയുടെ വിശുദ്ധിയുടെ നിറവിൽ അയർലണ്ട് ടിപ്പറേറി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം

ടിപ്പറേറി: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിന് അഭിമാനമായി അയർലണ്ടിലെ ടിപ്പറേറി ദേവാലയം കൂദാശ ചെയ്തു ദൈവസന്നിധിയിൽ സമർപ്പിച്ചു. വിശുദ്ധ കുറിയാക്കോസ് സഹദായുടെയും മാതാവ് വിശുദ്ധ യൂലിത്തിയുടെയും നാമത്തിൽ സ്ഥാപിതമായിരിക്കുന്ന അയർലണ്ടിലെ ആദ്യ ദേവാലയമാണിത്.
പരിശുദ്ധ ദൈവമാതാവ്, പരിശുദ്ധ കുറിയാക്കോസ് സഹദാ, പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് എന്നിവരുടെ അനുഗ്രഹീത മധ്യസ്ഥതയിൽ അഭയപ്പെട്ടാണ് ദേവാലയത്തിലെ അതിവിശുദ്ധ സ്ഥലമായ മദ്ബഹായിൽ മൂന്ന് ബലിപീഠങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നത്. നവംബർ 22,23 തീയതികളിലായി നടത്തപ്പെട്ട കൂദാശയ്ക്ക് നിരണം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ നിന്നും എത്തിച്ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് മാത്യു ഉൾപ്പെടെയുള്ള വന്ദ്യ വൈദികർ സഹകാർമികരായി കൂദാശയിൽ സംബന്ധിച്ചു. ഫാ. എൽദോ പി. വർഗീസിന്റെ നേതൃത്വത്തിലുള്ള ‘ഹാർമണി ക്വയർ, കോർക്ക്’ ശുശ്രൂഷയിൽ ഗീതങ്ങൾ ആലപിച്ചു. കൂദാശയ്ക്ക് മുന്നോടിയായുള്ള പതാകപ്രയാണം ലണ്ടനിലെ ആദ്യദേവാലയമായ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ നിന്നും ടിപ്പറേറി പള്ളിയിൽ എത്തിച്ച് കൊടിയേറ്റി. അതോടൊപ്പം ദീപശിഖാപ്രയാണം അയർലണ്ടിലെ ആദ്യദേവാലയമായ ഡബ്ലിൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നിന്നും ആരംഭിച്ച് പള്ളിയിൽ എത്തിച്ച് നിലവിളക്കിലേക്ക് പ്രകാശം പകർന്നു.
പരിശുദ്ധ സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ പ്രാർത്ഥിച്ച് ആശിർവദിച്ച് കൈമാറിയ പ്രധാന കുരിശ് വിശുദ്ധ ബലിപീഠത്തിൽ പ്രതിഷ്ഠിച്ചു.
ഇടവക വികാരി ഫാ. മാത്യു കെ. മാത്യു, ട്രസ്റ്റി ബിനു എൻ. തോമസ്, സെക്രട്ടറി സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങൾ കൂദാശയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന വിശ്വാസികളുടെ സാന്നിദ്ധ്യം കൂദാശക്ക് അനുഗ്രഹമായി.
.
Share This News

Related posts

Leave a Comment