പ്രിയസ്നേഹിതരെ,
ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സൗഹൃദക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ മെയ് 15 ന് ഈസ്റ്റർ-വിഷു ഉത്സവാഘോഷങ്ങളും കലാസപര്യയുമായി “നിറവ് 2022” കെങ്കേമമായി കൊണ്ടാടിയ വിവരം ഏവർക്കും അറിവുള്ളതാണല്ലോ. പ്രസ്തുത പരിപാടിയ്ക്ക് സാന്നിധ്യമരുളുകയും അനുഗ്രഹാശിസ്സുകൾ നേരുകയും ചെയ്ത ബഹുമാന്യരായ റോബിൻ അച്ചനും ഷോജി അച്ചനും ആദ്യം തന്നെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി അറിയിക്കട്ടെ.
കോവിഡ് മൂലം രണ്ടര വർഷത്തോളമായി മുടങ്ങി കിടന്ന നമ്മുടെ കൂട്ടായ്മയ്ക്ക് ഒരു നവജീവൻ കൈവന്നു എന്ന് പറയാതെ വയ്യ. മുൻവർഷത്തെ പരിപാടികളെ അപേക്ഷിച്ച് ധാരാളം പുതുമുഖങ്ങൾ നമ്മുടെ ന്യൂകാസിലിൽ എത്തിയിട്ടുണ്ടായിരുന്നു.അവരെയൊ ന്നും നേരിട്ട് കാണണോ പരസ്പരം പരിചയപ്പെടാനോ ഉള്ള അവസരം തുലോം കുറവായിരുന്നു. ഇവരെയെല്ലാം ഏകോപിപ്പിച്ച് ഇത്ര ബ്രഹത്തായ രീതിയിൽ ഈ പരിപാടി ആസൂത്രണം ചെയ്യുക എന്നത് ഒരു ബാലികേറാമല ആയിരുന്നു. അതിന് കർമ്മനിരതരായി കഠിനയത്നം നടത്തി പ്രവർത്തിച്ചത് കമ്മറ്റി അംഗങ്ങളായ ജിസ് സെബാസ്റ്റ്യൻ മനോജ് എബ്രഹാം (മനു) എന്നീ മുത്തുരത്നങ്ങളാണ്. ഈ പരിപാടിയുടെ ഉജ്ജ്വല വിജയത്തിന് പിന്നിലെ അവരുടെ ത്യാഗോജ്ജ്വല പ്രയത്നത്തെ എത്ര അഭിനന്ദിച്ചാലും മതിവരാത്തതിനാൽ ശിരസ്സാനമിക്കുന്നു.
കലാപരിപാടികളിൽ സജീവമായി പങ്കുകൊള്ളുകയും ഏവരെയും ആനന്ദിപ്പിക്കുകയും ചെയ്ത കുഞ്ഞുങ്ങളെയും അവരെ അതിന് പ്രാക്ടീസ് നൽകി പ്രാപ്തരാക്കിയ സുമനസുകളെയും പ്രത്യേകം അനുമോദിക്കുന്നു. നൃത്തനൃത്ത്യങ്ങളുമായി വിസ്മയിപ്പിച്ച എല്ലാ കലാപ്രദർശകർക്കും എന്റെ ബിഗ് സല്യൂട്ട്. വരും വർഷത്തേക്ക് ഈ കൂട്ടായ്മയുടെ സാരഥ്യം വഹിക്കാൻ നിയുക്തരായ ജസ്റ്റിൻ ജോസ്, ഷെറിൽ ജോയ്, പുനിത്, സിമി ജോസ്, അനീഷ തങ്കച്ചൻ എന്നീ കർമ്മധീരർക്ക് എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കാൻ ഞാനീ വേള ഉപയോഗപ്പെടുത്തുന്നു.
പരിപാടിയിൽ നിറമനസ്സോടെ സന്നിഹിതരാവുകയും ആഘോഷസായാഹ്നത്തെ ധന്യമാക്കുകയും ചെയ്ത എല്ലാ സോദര ർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.
സ്നേഹാദരങ്ങളോടെ
അരുൺ ഐസക്ക്
.
Share This News