ഐറിഷ് പ്രധാന മന്ത്രി ലിയോ വരദ്കർ നഴ്സുമാർക്കെതിരെ ഭീഷണിയുടെ സ്വരത്തിലോ… ? ഇപ്പോൾ നിലവിലുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കാൻ തൽക്കാലം പ്ലാൻ ഇല്ലെന്ന് നഴ്സുമാരോട് ലിയോ വരദ്കർ. എന്താണിതിന്റെ അർഥം? വേണ്ടിവന്നാൽ ഇപ്പോൾ നിലവിലുള്ള ആനുകൂല്യങ്ങൾ വേണ്ടാന്ന് വയ്ക്കുമെന്ന് തന്നെ. നിലവിൽ സർക്കാർ അങ്ങനെ ഒരു കടുത്ത തീരുമാനത്തിലേക്ക് പോകുന്നില്ല എന്നദ്ദേഹം പറഞ്ഞു. എന്നിരുന്നാലും INMO കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോയാൽ തീരുമാനം മാറ്റേണ്ടി വന്നേക്കാമെന്ന് വരദ്കർ മുന്നറിയിപ്പ് നൽകി.
RTEയുടെ ദിസ് വീക്ക് എന്ന പ്രോഗ്രാമിൽ സംസാരിക്കവെയാണ് വരദ്കർ വിവാദപരമായ ഈ കാര്യം പറഞ്ഞത്. “ടെക്നിക്കലി” പറയുകയാണെങ്കിൽ നഴ്സുമാർ പബ്ലിക് സർവീസ് സ്റ്റെബിലിറ്റി എഗ്രിമെന്റ് ലംഘിച്ചു എന്നാണദ്ദേഹം പറയുകയുണ്ടായി. നിലവിലുള്ള ശമ്പള വർദ്ധനവ് മരവിപ്പിച്ചാൽ അത് നിലവിലുള്ള സ്ഥിതി കൂടുതൽ വഷളാക്കുമെന്നും പ്രകോപനകരമാക്കുമെന്നും അതിനാൽ മാത്രമാണ് ഇപ്പോൾ അത് ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഉണ്ടായാൽ തർക്കം പരിഹരിക്കാൻ കൂടുതൽ ശ്രമകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സെക്കന്ററി ടീച്ചേർസ് ഇതേപോലെ പബ്ലിക് സർവീസ് സ്റ്റെബിലിറ്റി എഗ്രിമെന്റ് ലംഘിച്ചു സമരം ചെയ്യുകയും അത് അവർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. കാര്യങ്ങൾ കൂടുതൽ പ്രശ്നത്തിലേക്ക് പോയാൽ സെക്കൻഡറി ടീച്ചേഴ്സിനുണ്ടായ അവസ്ഥതന്നെ നഴ്സുമാർക്കും വരുമെന്നദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം സെക്കണ്ടറി ടീച്ചേഴ്സിനോട് ചെയ്യുന്ന തെറ്റായിരിക്കും ഇതെന്നും വരദ്കർ പറയുകയുണ്ടായി.
കൂടുതൽ സെർവീസുകളെ ബാധിക്കുന്ന രീതിയിൽ നേരത്തെ പറഞ്ഞിരുന്നതിനേക്കാൾ രണ്ടു ദിവസങ്ങൾ കൂടി അധികം സമരം നടത്തുമെന്ന് ഇന്നലെ INMO പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 5, 7, 12, 13, 14 എന്നീ തീയതികളിൽ സമരം നടത്തുമെന്ന് നേരത്തെ തന്നെ INMO പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇത് കൂടാതെ ഫെബ്രുവരി 19, 21 എന്നീ തിയ്യതികളിലും കൂടി സമരം നടത്തുമെന്നാണ് INMO ഇന്നലെ പ്രഖ്യാപിച്ചത്.
ഫെബ്രുവരി 9 ശനിയാഴ്ച ഒരു നാഷണൽ റാലിയും ഇത് കൂടാതെ നടത്തുമെന്ന് INMO അറിയിച്ചിട്ടുണ്ട്.