ഇന്നലെ (ബുധനാഴ്ച) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതി ഉണ്ടായതായി അറിയിച്ചു. വെന്റിലേറ്ററിൽ നിന്നും മാറ്റിയ അദ്ദേഹത്തെ അടുത്ത 24 മണിക്കൂറുകൾ കൂടി നിരീക്ഷണത്തിൽ വയ്ക്കും.
ഇന്നലെ രാവിലെ പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി കൊച്ചിയില്‍ പാലാരിവട്ടത്തിനു അടുത്തുള്ള ലാല്‍ മീഡിയയില്‍ എത്തിയതായിരുന്നു ശ്രീനിവാസന്. സംവിധായകൻ വി.എം. വിനുവിന്റെ ചിത്രമാണിത്. പെട്ടന്ന് കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേടിക്കാൻ ഒന്നും ഇല്ലെന്നാണ് അറിയുന്നത്. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത് എന്നാണറിയുന്നത്.
വെന്റിലേറ്ററിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും സംസാരിച്ചു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ സിനിമയിൽ അഭിനയിക്കാൻ ഇന്നുപോകണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഭാര്യയും സുഹൃത്തുക്കളും സ്നേഹപൂർവം ഇതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചു.